തിരുവനന്തപുരം: നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയവത്കരിക്കാന്‍ പ്രയോഗിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ഭരണഘടന പൊതു സമൂഹത്തിന് നല്‍കുന്ന സംരക്ഷണവും സുരക്ഷിതത്വവും നിയമനിര്‍മ്മാണ പ്രക്രിയ വഴി ഉറപ്പുനല്‍കാന്‍ സാധിക്കണമെന്നും അതിനനുസൃതമായ നിയമനിര്‍മ്മാണമാണ് നടക്കേണ്ടതെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു സ്പീക്കര്‍.
ഭരണഘടന ഉറപ്പ് നല്‍കുന്ന സുരക്ഷിതത്വം പൗരന്മാര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം. നിയമ നിര്‍മ്മാണത്തിലൂടെയാണ് ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നത്. എന്നാല്‍ നിയമ നിര്‍മ്മാണ പ്രക്രിയ ഇന്ന് വേണ്ടത്ര സുതാര്യമല്ല. നിയമം രൂപീകരിക്കപ്പെടുന്നത് എങ്ങനെ എന്ന് സമൂഹത്തിന് വേണ്ടത്ര അവബോധമില്ല. നിയമ നിര്‍മ്മാണ പ്രക്രിയയില്‍ നിയമസഭയ്ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും പങ്കാളിത്തവും ചുമതലകളും ഉണ്ട്. അത് സാധ്യമാകണമെങ്കില്‍ ജനങ്ങളുമായുള്ള ബന്ധം വര്‍ധിപ്പിക്കാനുള്ള കൃത്യമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് സ്പീക്കര്‍ പറഞ്ഞു.
സമയം നോക്കാതെ കഠിനാധ്വാനം ചെയ്യുന്ന നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സേവനം അഭിനന്ദനീയമാണ്. നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗമായ സി.പി.എസ്.റ്റി.യുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും ഭരണഘടനയെ സംബന്ധിച്ചും, നിയമ നിര്‍മ്മാണ പ്രക്രിയകളെ സംബന്ധിച്ചും, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കാനുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
Discussion about this post