തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കി വഴിയോര യാത്രാഭവനുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ഡലമകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ കൂടിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുരുസ്വാമിമാരുടെയും ഒപ്പമെത്തുന്ന തീര്‍ഥാടകരുടെയും എണ്ണമെടുക്കാന്‍ സൗകര്യത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കും. സൗകര്യങ്ങളില്ലാത്തതിനാല്‍ തീര്‍ഥാടകര്‍ വഴിയരികില്‍ ആഹാരം പാചകം ചെയ്യുന്നതും മലമൂത്ര വിസര്‍ജനം നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണശാലകള്‍ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നതും പതിവാണ്. യാത്രാഭവനുകള്‍ ഇതിനെല്ലാം അറുതിവരുത്തി തീര്‍ഥാടകര്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷ.
സസ്യാഹാരശാലകള്‍, പെട്രോള്‍ പമ്പുകള്‍, മെച്ചപ്പെട്ട ശൗചാലയങ്ങള്‍, വിശ്രമസ്ഥലങ്ങള്‍ എന്നിവയോടുകൂടിയതായിരിക്കും യാത്രാഭവനുകള്‍. വിവിധ ദേശങ്ങളില്‍ നിന്നെത്തുന്നവരുടെ ഭക്ഷണരുചിക്കനുസരിച്ചുള്ള വിഭവങ്ങള്‍ ഇവിടെ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ ദേശീയപാതയോരത്തും രണ്ടാംഘട്ടത്തില്‍ സംസ്ഥാന ഹൈവേകളിലും നിശ്ചിത കിലോമീറ്റര്‍ അകലത്തില്‍ യാത്രാഭവനുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞാല്‍ വഴിയരികില്‍ പാചകം ചെയ്യുന്നതിനും വിസര്‍ജനം നടത്തുന്നതിനും പിഴ ഈടാക്കും.
റെയില്‍വേ സ്റ്റേഷനുകള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ ഗുരുസ്വാമിമാര്‍ക്ക് സന്നിധാനത്ത് എത്തുന്നതിനു മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കും. ശബരിമലയ്ക്കടുത്തായി നെടുമ്പാശേരിയിലും തിരുവനന്തപുരത്തുമാണ് വിമാനത്താവളങ്ങളുള്ളത്. ഇവിടങ്ങളില്‍ ഇറങ്ങുന്ന തീര്‍ഥാടകര്‍ ദീര്‍ഘദൂര യാത്രചെയ്താണ് സന്നിധാനത്തെത്തുന്നത്. അതിനാലാണ് സന്നിധാനത്തിന് അടുത്ത് സൗകര്യപ്രദമായ സ്ഥലത്ത് വിമാനത്താവളം പരിഗണിക്കുന്നത്. സമവായത്തിലൂടെ തിരുപ്പതി മോഡലില്‍ ശബരിമലയിലും എല്ലാദിവസവും ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ്. തിരക്ക് പരമാവധി കുറയ്ക്കാന്‍ കഴിയുമെന്നതിനാലാണ് ഇക്കാര്യം ചര്‍ച്ചയ്ക്ക് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡും മറ്റു ബന്ധപ്പെട്ടവരുമാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.
സന്നിധാനത്തേക്കെത്താന്‍ കൂടുതല്‍ പുതിയ വഴികള്‍ കണ്ടെത്താവുന്നതാണ്. കൂടുതല്‍ ബാരിക്കേഡുകള്‍ നിര്‍മിച്ചും ക്ഷേത്രത്തിലേക്ക് സാധന സാമഗ്രികള്‍ കൊണ്ടുപോകാന്‍ പ്രത്യേക പാത ഒരുക്കിയും തീര്‍ഥാടകരുടെ അസൗകര്യം ഒഴിവാക്കാവുന്നതാണ്. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം വിപുലപ്പെടുത്തണം. വഴികളില്‍ വെളിച്ചത്തിനും കൂടുതല്‍ സംവിധാനം വേണം. നിലവില്‍ വിശ്രമകേന്ദ്രങ്ങള്‍ പലതും താല്‍ക്കാലികമാണ്. തിരക്ക് നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായി സംവിധാനമൊരുക്കണം. താല്‍ക്കാലിക ലോഡ്ജുകള്‍ അനാരോഗ്യകരമായ അവസ്ഥയിലാണ്. ഇവ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നുണ്ട്. കച്ചവട താല്‍പര്യം മാത്രമാണ് ഇതിനുപിന്നില്‍. ഇതിനു തടയിട്ട് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ക്യു കോംപ്ലക്‌സുകള്‍ വിപുലമാക്കും. മഴക്കാലത്ത് ഉള്‍പ്പെടെ ഓവുചാലുകള്‍ ഫലപ്രദമാക്കും. പ്രസാദ വിതരണത്തിന് പമ്പയില്‍ വിപുലമായ സൗകര്യമേര്‍പ്പെടുത്തും. സന്നിധാനത്ത് തീര്‍ഥാടകര്‍ തങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതാണ് അഭികാമ്യം. ഇത് സന്നിധാനത്ത് തിരക്ക് കുറയ്ക്കാന്‍ സഹായിക്കും. പകരം പമ്പ ബേസ് ക്യാമ്പായെടുത്ത് താമസസൗകര്യം വിപുലമാക്കുന്നത് പരിഗണിക്കും. സന്നിധാനത്ത് തങ്ങേണ്ടിവരുന്നവര്‍ക്ക് ആരോഗ്യകരമായ ചുറ്റുപാട് ഉറപ്പാക്കും.
പമ്പയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് കുളിക്കുന്നതും വസ്ത്രം അലക്കുന്നതും നിരോധിക്കും. ദീര്‍ഘയാത്ര കഴിഞ്ഞെത്തുന്നവര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനു മുന്‍പ് പ്രത്യേകം കുളിമുറികളില്‍ കുളിക്കുന്നതിന് സൗകര്യമൊരുക്കും. ഇതിനുശേഷം പമ്പയില്‍ ഇറങ്ങി കുളിക്കാവുന്നതാണ്. സോപ്പ് ഉപയോഗിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും പിഴ ഈടാക്കും. തീര്‍ഥാടകരില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങളും വിസര്‍ജ്യവസ്തുക്കളും പമ്പാനദിയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. പുറത്തുള്ള വിസര്‍ജനം ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്‌നമാണ്. ഇത് തടയുന്നതിനും നടപടി കര്‍ശനമാക്കും. ശബരിമലയും പമ്പയും ഹരിതമേഖലയായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കും. വഴിയരികിലെ മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നത് ഊര്‍ജിതമാക്കും. പമ്പ ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെയെത്തുന്ന ഭക്തരുടെ ആരോഗ്യത്തെ ബാധിക്കും.
തീര്‍ഥാടകരുടെ വിശ്രമ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനാ സംഘത്തെ നിയോഗിക്കും. മരുന്നുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് അത്യാവശ്യ ഘട്ടങ്ങളില്‍ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടാന്‍ സംവിധാനമുണ്ടാവും. ശബരിമല പോലെയുള്ള പ്രദേശത്ത് സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കും. ബയോമെട്രിക് പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
നിലവിലുള്ള വി.ഐ.പി ദര്‍ശനം അവസാനിപ്പിക്കും. തിരുപ്പതി മോഡലില്‍ ഫീസ് ഈടാക്കി പ്രത്യേക ദര്‍ശനം അനുവദിക്കുന്നത് പരിഗണിക്കാവുന്നതാണ്. ഇതിനായി കൂടുതല്‍ സ്ഥലസൗകര്യം ഏര്‍പ്പെടുത്തേണ്ടിവരും. ശബരിമലയിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് വനം വകുപ്പിന്റെ ചുമതലയുള്ള മുന്‍ കേന്ദ്രമന്ത്രിയുമായി സംസാരിച്ചത് മുഖ്യമന്ത്രി വിവരിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ചുമതലയിലല്ല വനം വകുപ്പെങ്കിലും പിന്നീട് കണ്ട് അന്വേഷിച്ചപ്പോള്‍ ശബരിമലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വനം വകുപ്പ് സ്ഥലം നല്‍കുന്ന കാര്യം പരിഗണിച്ചുവരുന്നകാര്യം അറിയിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി വിലയിരുത്തി.
സന്നിധാനത്തും പമ്പയിലും പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചതിനെ തുര്‍ന്ന് ഇതിനായി താല്‍ക്കാലികമായി പ്രത്യേക സ്ഥലം വനം വകുപ്പ് അനുവദിക്കുമെന്ന് യോഗത്തില്‍ അറിയിപ്പുണ്ടായി. അനുമതി ലഭിച്ചശേഷം വനം വകുപ്പ് ഇതിനായി സ്ഥിരം സംവിധാനമേര്‍പ്പെടുത്തും. ഫയര്‍ ഫോഴ്‌സിനു കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി പാര്‍ക്കിംഗ് സൗകര്യം വിപുലപ്പെടുത്തുന്നതു സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയും ശബരിമല ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ജയകുമാറും ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ജില്ലകള്‍ക്ക് ആവശ്യമായ തുക അനുവദിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്ലാസ്റ്റിക് വിമുക്ത സന്ദേശത്തിന് കൂടുതല്‍ ഊന്നല്‍ വേണമെന്ന് ജോയ്‌സ് ജോര്‍ജ് എം.പിയും തിരുവല്ലയില്‍ റെയില്‍വേ റിസര്‍വേഷന്‍ സംവി്ധാനം സാധ്യമാക്കണമെന്ന് ആന്റോ ആന്റണി എം.പിയും പറഞ്ഞു. മന്ത്രി തലത്തില്‍ അവലോകനം നടത്താന്‍ സൗകര്യമുള്ളവിധം പമ്പയില്‍ ഹാള്‍ നിര്‍മിക്കണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എയും ശബരിമലയുമായി ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ തുക നല്‍കണമെന്ന് രാജു ഏബ്രഹാം എം.എല്‍.എയും പറഞ്ഞു.
ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് വിശദമായ നിര്‍ദേശങ്ങള്‍ വച്ചതിന് മുഖ്യമന്ത്രിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഭിനന്ദിച്ചു. എന്നാല്‍ ദിവസവും ശബരിമലയില്‍ ദര്‍ശനം എന്നതിനോട് വിയോജിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു. സംസ്ഥാനത്തെ ഏഴു മന്ത്രിമാരുമായി ശബരിമല സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി ബോര്‍ഡ് അംഗം അജയ് തറയില്‍ പറഞ്ഞു. സന്നിധാനത്ത് നെയ്‌തോണി സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ തിരക്ക് കുറയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തി തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥ ശ്രമമുണ്ടാകും. ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ ശൈലജ, ഡോ.കെ.ടി ജലീല്‍, ഇ.ചന്ദ്രശേഖരന്‍, മാത്യു ടി.തോമസ്, എ.കെ ശശീന്ദ്രന്‍, കെ.രാജു, എം.പിമാരായ ആന്റോ ആന്റണി, ജോയ്‌സ് ജോര്‍ജ്, എം.എല്‍.എമാരായ രാജു ഏബ്രഹാം, പി.സി ജോര്‍ജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ.ജയകുമാര്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, ശ്രീജിത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ.സജീവ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ്, ഇടുക്കി ജില്ലാ കളക്ടര്‍ ഗോകുല്‍, പത്തനംതിട്ട ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം സി.സജീവ്, ഭക്ഷ്യസുരക്ഷ ജോയിന്റ് കമ്മീഷണര്‍ കെ.അനില്‍കുമാര്‍, പെരിയാര്‍ ഡിവിഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ സി.ബാബു, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post