തിരുവനന്തപുരം: കേരളത്തില്‍ മികച്ച സംഗീതജ്ഞര്‍ ഉണ്ടായതിനുപിന്നില്‍ ശെമ്മാങ്കുടിയെപ്പോലെയുള്ള മഹാനായ അധ്യാപകരുടെ പങ്ക് വലുതാണെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അഭിപ്രായപ്പെട്ടു. തൈക്കാട് ഭാരത്ഭവനില്‍ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തശേഷം ശെമ്മാങ്കുടി സമൃതി മന്ദിരം ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ഗ്രാമങ്ങളില്‍ സജീവമായിരുന്ന കലാസാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കും. അന്യംനിന്നുപോയ കലകളുടെ പുനരുദ്ധാരണത്തിനും ക്ലാസിക്കല്‍ കലകളെ ഗ്രാമപ്രദേശങ്ങളിലടക്കം എത്തിക്കാന്‍ ബൃഹദ്പദ്ധതിയും ആവിഷ്‌കരിക്കും. സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ ഇടപെടലുകള്‍ നടത്താനാകും. എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സൗകര്യങ്ങളോടുമുള്ള സാംസ്‌കാരിക സമുച്ചയ നിര്‍മാണത്തിന് സ്ഥലം ജില്ലാ കളക്ടര്‍മാരുടെ സഹായത്തോടെ കണ്ടുപിടിക്കുകയാണ്. നാടകശാല, സിനിമ തീയറ്റര്‍, സംഗീതശാല, ഗ്യാലറി, സെമിനാര്‍ ഹാളുകള്‍, ശില്‍പകരകൗശല പണിശാലകള്‍ തടുങ്ങിയവയുണ്ടാകും. കേരള രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചനവോദ്ധാന നായകരുടെ പേരിലാകും സമുച്ചയങ്ങള്‍ ഉയരുക. സിനിമ ഉള്‍പ്പെടെ സാംസ്‌കാരികമേഖലയില്‍ മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഗ്രാമങ്ങളില്‍ നൂറുതീയറ്ററുകള്‍ സ്ഥാപിക്കാനും ചലച്ചിത്രോല്‍സവത്തിന് തലസ്ഥാനത്ത് സ്ഥിരം വേദിയൊരുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് ഭവന്‍ അങ്കണത്തില്‍ നിര്‍മ്മിച്ച ‘ശെമ്മാങ്കുടി സ്മൃതി’ മന്ദിരത്തിന്റെ ഉദ്ഘാടനം ഗായകന്‍ കെ.ജെ. യേശുദാസ് നിര്‍വഹിച്ചു. ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ സംഗീതകോളേജ് പ്രിന്‍സിപ്പലായിരുന്ന കാലഘട്ടത്തില്‍ വിദ്യാര്‍ഥിയായിരുന്ന തന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ഇപ്പോള്‍ ഭാരത് ഭവന്‍ സ്ഥിതിചെയ്യുന്ന മന്ദിരത്തില്‍ ശെമ്മാങ്കുടി താമസിച്ചിരുന്നപ്പോള്‍ അതിനുപുറത്തുള്ള കാര്‍ഷെഡില്‍ താമസിച്ചുപഠിച്ചകാര്യങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു.
മുതിര്‍ന്ന സംഗീതജ്ഞരായ പാറശ്ശാല പൊന്നമ്മാള്‍, തിരുവല്ല തങ്കമ്മ ടീച്ചര്‍, തുറയില്‍ ശാന്തമ്മ ടീച്ചര്‍ എന്നിവരെ സാംസ്‌കാരികമന്ത്രിയും കെ.ജെ. യേശുദാസും ചേര്‍ന്ന് ആദരിച്ചു. ചടങ്ങില്‍ ഡോ.കെ. ഓമനക്കുട്ടി ശെമ്മാങ്കുടി സ്മൃതി കീര്‍ത്തനം ആലപിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ശ്രീകുമാരന്‍ തമ്പി, പാല സി.കെ. രാമചന്ദ്രന്‍, ്രെപാഫ. വി.എന്‍. മുരളി, സതീഷ്ബാബു പയ്യന്നൂര്‍, പണ്ഡിറ്റ് രമേശ് നാരായണ്‍, ആര്‍.എസ്.ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ സ്ംബന്ധിച്ചു.
ഭാരത്ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ സ്വാഗതവും പ്രൊഫ. മനോഹര്‍ കേസ്‌കര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ‘ശെമ്മാങ്കുടി സ്മൃതി മന്ദിരം’ ശാസ്ത്രീയസംഗീത, ദൃശ്യകലാവിരുന്നുകള്‍ക്കായി ഇനി തുറന്നുകൊടുക്കും
Discussion about this post