കൊച്ചി: ചില സാമ്പത്തിക ശക്തികള്‍ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞു. സരിതയുടെ അഭിഭാഷകന് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം സരിത എസ് നായര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉമ്മന്‍ ചാണ്ടി നിഷേധിച്ചു.
ക്ലിഫ് ഹൗസില്‍ വച്ച് സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്ന് അഡ്വ.ബി.എ ആളൂര്‍ ആരോപണം ഉന്നയിച്ചപ്പോഴാണ് പൊതുജന മദ്ധ്യത്തില്‍ തന്നെ അവഹേളിക്കാന്‍ ശ്രമം നടക്കുന്നതായി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്. ചില സാമ്പത്തിക ശക്തികളാണ് ഇതിന് പിന്നിലുളളത്. രാഷ്ട്രീയക്കാരല്ല. കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇത് ആരൊക്കെയാണെന്ന് പറയാമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസമാണ് തന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രണ്ട് തവണയല്ലാതെ സരിതയെ കണ്ടിട്ടില്ലെന്ന മൊഴി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. സോളാര്‍ പദ്ധതി ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി 2കോടി 16 ലക്ഷം സരിതയില്‍ നിന്നും വാങ്ങിയെന്ന ആരോപണവും ഉമ്മന്‍ ചാണ്ടി നിഷേധിച്ചു.
അഞ്ചു ദിവസങ്ങളിലായി 37 മണിക്കൂറോളം ഉമ്മന്‍ ചാണ്ടിയെ കമ്മീഷന് വിസ്തരിച്ചു. ഇനി ഫെബ്രുവരി 7ന് ഉമ്മന്‍ ചാണ്ടിയുടെ വിസ്താരം തുടരും.
Discussion about this post