പത്തനംതിട്ട: ഭക്ഷണസാധനങ്ങള്‍ക്ക് അമിതമായി വില വര്‍ധിപ്പിച്ചിട്ടുള്ള ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. പത്തനംതിട്ട സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ ആരംഭിച്ച അരിക്കടയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഹോട്ടലുകളില്‍ എല്ലാ ഭക്ഷണ സാധനങ്ങള്‍ക്കും അമിതമായി വില വര്‍ധിപ്പിച്ചതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പൊതുജനങ്ങളെ കണ്ണീരുകുടിപ്പിക്കുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും സര്‍ക്കാര്‍ കാഴ്ചക്കാരായി മാറിനില്‍ക്കില്ലെന്നും ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം ആവശ്യമുള്ളപക്ഷം പുതിയ നിയമം നിര്‍മിക്കുന്നതുള്‍പ്പടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. സാധനങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ധനയ്ക്കനുസരിച്ച് ന്യായമായ വില വര്‍ധനവ് അംഗീകരിക്കാം. എന്നാല്‍ ഇപ്പോള്‍ ഭക്ഷണസാധനങ്ങളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് അന്യായമായ വിലവര്‍ധനയാണ്. ഇതില്‍ നിന്ന് പിന്‍മാറാന്‍ എല്ലാ ഹോട്ടല്‍ റസ്‌റ്റോറന്റ് ഉടമകളും തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
13 ഇനം അവശ്യസാധനങ്ങളാണ് ഇപ്പോള്‍ സപ്ലൈകോ വഴി സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഈ സാധനങ്ങള്‍ ഇപ്പോള്‍ ഏതുനിരക്കിലാണോ നല്‍കുന്നത് അതേ നിരക്കില്‍തന്നെ ഈ സര്‍ക്കാരിന്റെ കാലാവധി വരെ നല്‍കുമെന്നും സബ്‌സിഡി നിരക്കില്‍ നല്‍കുന്ന അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മട്ട അരി സബ്‌സിഡി നിരക്കില്‍ 24 രൂപയ്ക്കും സബ്‌സിഡിയില്ലാതെ 35 രൂപയ്ക്കും ജയ അരി സബ്‌സിഡി നിരക്കില്‍ 25 രൂപയ്ക്കും സബ്‌സിഡിയില്ലാതെ 41.50 രൂപയ്ക്കും ലഭിക്കും. പച്ചരി സബ്‌സിഡിയോടുകൂടി 23 രൂപയ്ക്കും സബ്‌സിഡിയില്ലാതെ 27 രൂപയ്ക്കും ലഭിക്കും. സബ്‌സിഡിയില്ലാത്ത നിറപറ കാര്‍ത്തിക അരിക്ക് 36.41 രൂപയും കീര്‍ത്തി നിര്‍മല്‍ അരിക്ക് 40.82 രൂപയും ഐ.ആര്‍.എസ് പച്ചരിക്ക് 27.36 രൂപയുമാണ് അരിക്കടയിലെ വില. സബ്‌സിഡിയില്ലാതെയുള്ള അരി ആവശ്യാനുസരണം സപ്ലൈകോ ബസാറില്‍ നിന്ന് ലഭിക്കും.












