തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം പുല്ലുവിളയില്‍ തെരുവ് നായക്കൂട്ടം ഗൃഹനാഥനെ കടിച്ചുകൊന്നു. പുല്ലുവിള കൊച്ചുപള്ളി ജോസ്‌ക്ലിന്‍ (48) ആണ് മരിച്ചത്. കടപ്പുറത്ത് നടക്കാന്‍ പോയ മത്സ്യത്തൊഴിലാളിയാണ് നായക്കളുടെ ആക്രമണത്തിന് ഇരയായായത്.
ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ ജോസ് മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഭക്ഷണവും കഴിച്ച് ചൂടുകാരണം കടപ്പുറത്ത് കിടക്കാന്‍ പോയതായിരുന്നു. പ്രദേശത്ത് നായ്ക്കള്‍ പരക്കം പായുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ സംശയം തോന്നി സ്ഥലത്തെത്തിയപ്പോള്‍ ജോസ് ഗുരുതരാവസ്ഥയിലായിരുന്നു. ശരീരമാസകലം മുറിവേറ്റ് രക്തവും മണലും കൊണ്ട് വികൃതമായ ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവമറിഞ്ഞ ജനം രോഷാകുലരായി തെരുവിലിറങ്ങി. വാഹന ഗതാഗതം തടസപ്പെടുത്തി. ഇതേത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ജോസിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പുല്ലുവിളയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടക്കുകയാണ്.
ഒരു വര്‍ഷം മുന്‍പ് പുല്ലുവിളയില്‍ ഷീലുവമ്മ എന്ന വീട്ടമ്മയെ നായ്ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോസിനെ നായ്ക്കള്‍ കടിച്ചുകൊന്നത്. ഷീലുവമ്മയുടെ വീടിനും നൂറ് മീറ്റര്‍ മാത്രം അകലെയാണ് ഇന്ന് മരിച്ച ജോസിന്റെ വീട്. കഴിഞ്ഞ ദിവസം പ്രദേശത്ത് മറ്റൊരു വീട്ടമ്മയുടെ ശരീരം നായ്ക്കള്‍ കടിച്ചു കീറിയിരുന്നു.
ഷീലുവമ്മയുടെ മരണത്തെ തുടര്‍ന്നുണ്ടായ ജനരോഷം തടയാന്‍ ആലപ്പുഴയില്‍ നിന്ന് രണ്ട് പട്ടിപിടിത്തക്കാരെ എത്തിച്ച് കുറെ എണ്ണത്തെ വന്ധ്യംകരിച്ച പഞ്ചായത്തധികൃതര്‍ പിന്നീട് പ്രദേശത്തേയ്ക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കടല്‍ തീരത്ത് അറവുമാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നതോടെ ഇവിടെ നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. മാലിന്യങ്ങള്‍ തള്ളൂന്നത് തടയാനോ പട്ടികള്‍ പെറ്റുപെരുകുന്നത് നിയന്ത്രിക്കാനോ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ജെസീന്ദയാണ് മരിച്ച ജോസ് ക്ലീന്റിന്റെ ഭാര്യ. ഷൈനി, പത്രോസ്, ഷാലു എന്നിവര്‍ മക്കളാണ്. എം.വിന്‍സെന്റ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. വന്‍ പോലീസ് സംഘം പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.
Discussion about this post