തിരുവനന്തപുരം: ഫ്‌ളാറ്റ് നിര്‍മാണത്തിനായി മണ്ണിടിച്ച ഭാഗത്ത് മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയും മൂന്നുപേര്‍ ബിഹാര്‍ സ്വദേശികളുമാണ്. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
കഴക്കൂട്ടത്തിനു സമീപം പാങ്ങപ്പാറയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേറ്റ് സൊസൈറ്റിയുടേതാണ് ഫ്‌ളാറ്റ്. അമ്പത് മീറ്ററോളം താഴ്ചയില്‍ മണ്ണിടിച്ചുമാറ്റിയാണ് ഇവിടെ ഫ്‌ളാറ്റ് നിര്‍മാണം തുടങ്ങിയത്.
വട്ടപ്പാറ വേങ്കോട് കെ.യു. സദനത്തില്‍ ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ ഉണ്ണികൃഷ്ണന്‍(26), ബിഹാര്‍ സ്വദേശികളായ ഹരണാദ് വര്‍മന്‍(27), സഫല്‍ വര്‍മന്‍(29), ഭജന്‍ വര്‍മന്‍(20) എന്നിവരാണ് മരിച്ചത്. വേങ്ങോട് സ്വദേശി സുദര്‍ശനനാണ് (45) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.












