തിരുവനന്തപുരം: കേരളത്തില്‍ തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ ഉറപ്പാക്കുമെന്ന് തൊഴില്‍നൈപുണ്യ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെയെത്തി തൊഴിലെടുക്കുന്നവര്‍ക്കും ഭരണഘടനാപരമായ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ട്. ഈ രംഗത്ത് യാതൊരുവിധ ചൂഷണവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. തൊഴില്‍നൈപുണ്യ വകുപ്പും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും സംയുക്തമായി ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ വിവധഭാഗങ്ങളില്‍ വിവിധ അപകടങ്ങളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെടുന്ന തൊഴിലാളികളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണ്. അവരെല്ലാം ഇന്ത്യക്കാരാണ്. രാജ്യത്തെ നിയമപരിരക്ഷ അവര്‍ക്കും ലഭ്യമാക്കാന്‍ നാം ബാധ്യസ്ഥരാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ തൊഴില്‍ ഏജന്റുമാര്‍ ശ്രദ്ധിക്കണം. നിര്‍മാണമേഖലയിലെ തൊഴില്‍ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന നടത്തും. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് മേഖലയിലെ തൊഴിലാളികളുടെ വേതനത്തിലും മറ്റാനുകൂല്യങ്ങളിലും ചൂഷണം നടക്കുന്നുണ്ടോ എന്നത് അന്വേഷിക്കും. ഈ മേഖലയിലെ ചൂഷണങ്ങള്‍ തടയാന്‍ തൊഴില്‍വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യമൊരുക്കാന്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് 640 പേര്‍ക്ക് താമസിക്കാവുന്ന 64 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ ഈ സൗകര്യമൊരുക്കും. എല്ലാ ജില്ലകളിലും ഇത്തരം സംവിധാനങ്ങളുണ്ടാക്കാന്‍ പദ്ധതിയുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയ്ക്കും മറ്റുമായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, 25 ലക്ഷത്തില്‍ പരം ഇതര സംസ്ഥാന തൊഴിലാളികളില്‍ അറുപതിനായിരത്തില്‍ താഴെ പേര്‍ മാത്രമേ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. രജിസ്റ്റര്‍ ചെയ്തവര്‍പോലും പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാത്ത സാഹചര്യവുമുണ്ട്. തൊഴിലാളി സംഘടനകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ഇക്കാര്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം. തൊഴിലാളികളുടെ കൃത്യമായ എണ്ണവും വ്യക്തിവിവരങ്ങളും നിര്‍ണയിക്കപ്പെടണം. ഭരണഘടനാപരമായ തത്വങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
Discussion about this post