തിരുവനന്തപുരം: കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത വിപ്ലവമായിരുന്ന സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനമെന്ന് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പന്തിഭോജന സ്മൃതി സംഗമത്തിന്റെ ഭാഗമായി ‘ജാതിയമായ നാനാത്വവും മാനവികമായ ഏകത്വവും’ എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി ചിന്ത കൊടികുത്തി വാണകാലത്ത് പന്തിഭോജനം മാറ്റത്തിന്റെ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. അതിനാലാണ് ഐതിഹാസികമായ ചരിത്രം ഒരു നൂറ്റാണ്ടുകഴിഞ്ഞും നാം അനുസ്മരിക്കുന്നത്. പന്തിഭോജനത്തിന് പ്രോത്‌സാഹനം നല്‍കി ശ്രീനാരായണ ഗുരു തന്നെ സഹോദരന്‍ അയ്യപ്പന് സ്വന്തം കൈപ്പടയില്‍ പ്രത്യേക സന്ദേശം എഴുതിനല്‍കിയിരുന്നു. പുതിയ വെല്ലുവിളികള്‍ സമൂഹത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ സൃഷ്ടിച്ച വഴിയിലൂടെ മതേതര കേരളത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ പങ്കെടുക്കാമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഡോ. എ. സമ്പത്ത് എം.പി മുഖ്യാതിഥിയായിരുന്നു. വിവിധ സംഘടനാ പ്രതിനിധികളായ കുട്ടപ്പന്‍ ചെട്ടിയാര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, വെട്ടുകാട് അശോകന്‍, ടി.എസ് പ്രദീപ്, മഞ്ചയില്‍ വിക്രമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുമാരനാശാന്‍ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍ സെക്രട്ടറി പ്രൊഫ. അയിലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും പി.കെ. രാജപ്പന്‍ നന്ദിയും പറഞ്ഞു.












