കൊച്ചി: യു.ഡി.എഫ്. പ്രകടന പത്രിക കൊച്ചിയില്‍ പുറത്തിറക്കി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു കിലോഗ്രാമിന് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ട് രൂപയ്ക്കും പ്രതിമാസം 25 കിലോഗ്രാം അരി നല്‍കുമെന്ന് യു.ഡി.എഫ്. പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. മൂന്നു ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ അനുവദിക്കും. മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
പത്താംക്ലാസിലെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സൈക്കിള്‍, ഓരോ പ്ലസ്ടു വിദ്യാര്‍ഥിക്കും സൗരോര്‍ജ വിളക്ക്, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനും ഇരുചക്രവാഹനം വാങ്ങുന്നതിനും പലിശ രഹിത വായ്പ തുടങ്ങിയവയാണു മറ്റു വാഗ്ദാനങ്ങള്‍.
സംസ്ഥാന ജീവനകാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രതുല്യത ഉറപ്പുവരുത്തും. ജീവനക്കാരുടെ സ്ഥലംമാറ്റം ഓണ്‍ലൈനിലൂടെ നടത്തും. എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനവും പുനഃപരിശോധിക്കും. സര്‍വകലാശാലകള്‍, കോര്‍പ്പറേഷനുകള്‍, മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി. ക്ക് വിടും. മൂലധന നിക്ഷേപം വര്‍ധിപ്പിക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തം, കോര്‍പ്പറേറ്റ് നിക്ഷേപം, സഹകരണ നിക്ഷേപം, ബി.ഒ.ടി. തുടങ്ങിയവ ഉപയോഗപ്പെടുത്തും. നിക്ഷേപങ്ങളും വ്യവസായങ്ങളും വളര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റ്‌മെന്‍റ് അഡൈ്വസറി കൗണ്‍സില്‍ രൂപവത്കരിക്കും. തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളില്‍ പ്രത്യേക നിക്ഷേപ മേഖലകള്‍ക്കു രൂപംനല്‍കും. മലപ്പുറത്ത് പുതിയ നോളജ് ഹബ് തുടങ്ങും.
തിരുവനന്തപുരത്തും കൊച്ചിയിലും മെട്രൊ റെയില്‍, തെക്ക് വടക്ക് ഹൈസ്പീഡ് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ എന്നിവ പത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം നഗരങ്ങളെ ബന്ധപ്പെടുത്തി ഷട്ടില്‍ എയര്‍ സര്‍വീസ് തുടങ്ങും. ഐ.ടി. മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും.
ബി.പി.എല്‍. കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ധനസഹായം നല്‍കും. കുടുംബനാഥന്റെ മരണത്തെ തുടര്‍ന്ന് അനാഥമാകുന്ന കുടുംബത്തിന് പ്രതിമാസം സഹായധനം നല്‍കും. തദേശ സ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ ജോലി രാജിവെച്ച അങ്കണവാടി ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കും. സ്വന്തമായി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം ഇല്ലാത്ത പട്ടികജാതിക്കാര്‍ക്ക് ഇവ അനുവദിക്കും. അപേക്ഷ നല്‍കി ഏഴ് ദിവസത്തിനകം വൈദ്യുതി കണക്ഷന്‍ നല്‍കും. തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ സര്‍വകലാശാലയും അന്താരാഷ്ട്ര നിലവാരമുള്ള മള്‍ട്ടി ഡിസിപ്ലിനറി സര്‍വകലാശാലയും രൂപവത്കരിക്കും. പരമദരിദ്ര കുടുംബങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കും എന്നിവയാണു മറ്റു വാഗ്ദാനങ്ങള്‍.












