ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീംകോടതി അനുമതി നല്‍കി. മഅദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം.
മഅദനിക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനി പോകുന്‌പോള്‍ വരുന്ന ചിലവ് വഹിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. സുരക്ഷയ്ക്ക് വരുന്ന ചിലവ് വഹിക്കാന്‍ തങ്ങള്‍ തയാറാണെന്ന് മഅദനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതോടെയാണ് വിഷയത്തില്‍ തീരുമാനമായത്. സുരക്ഷ ചിലവ് വഹിക്കാമെന്ന മഅദനിയുടെ വാദം അംഗീകരിച്ചാണ് കോടതി വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.
വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് ഏഴ് മുതല്‍ 14 വരെ കേരളത്തില്‍ താമസിക്കാനാണ് മഅദനിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് തലശേരിയില്‍ വച്ചാണ് വിവാഹം നടക്കുന്നത്.












