തിരുവനന്തപുരം: ഇഡിസ്ട്രിക്ട് പദ്ധതിയിലൂടെ മൂന്നു കോടിയിലേറെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതായി ഐ.ടി. മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും നിഷ്പക്ഷമായും വേഗത്തിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി തുടങ്ങിയ ഈ പദ്ധതിയിലൂടെ 24 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഇഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ വഴിയും ലഭ്യമാക്കിവരുന്നു.
2010ല്‍ കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നടപ്പാക്കിയ ഇ ഡിസ്ട്രിക്ട് പദ്ധതി 2013 മാര്‍ച്ചോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പായി. 2013 ഒക്ടോബറില്‍ ഓണ്‍ലൈന്‍ പബ്ലിക് പോര്‍ട്ടല്‍ സാധ്യമായതോടെ സംസ്ഥാനത്തെ പൊതുജനങ്ങള്‍ക്കും എല്ലാ മറുനാടന്‍ മലയാളികള്‍ക്കും സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമായി. ഇപേയ്‌മെന്റ് ഗേറ്റ് വേ സംവിധാനം വഴി സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്. വിവരാവകാശം സംബന്ധിച്ച പരാതികള്‍പോലും ഇ സംവിധാനം വഴി സമര്‍പ്പിച്ച് മറുപടി തേടാം. കേരളത്തിലെ എണ്‍പതു ലക്ഷത്തോളം വരുന്ന കുടുംബങ്ങളില്‍ നിന്ന് ഒരാളെങ്കിലും ഇഡിസ്ട്ക്ട് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ സേവനങ്ങള്‍ സ്വീകരിക്കുന്നുണ്ട് എന്നാണ് കണക്ക്. റവന്യൂവകുപ്പ് നല്‍കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, നോര്‍ക്കയുടെ സാന്ത്വന പദ്ധതി മുഖേനയുള്ള സേവനങ്ങള്‍ എന്നിവ ഒക്ടോബര്‍ മാസത്തോടെ ഈ സംവിധാനം വഴി ലഭ്യമാക്കും.
തിരുവനന്തപുരം, വയനാട് ജില്ലകളില്‍ ഇഗവേണന്‍സ് സൊസൈറ്റിയുടെ സഹായത്തോടുകൂടി സര്‍വേ നടത്തി ഇനിയും ഓണ്‍ലൈനായി ലഭ്യമാക്കേണ്ട സേവനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സേവനങ്ങള്‍ കൂടി ഒരു വര്‍ഷത്തിനകം ഇഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴി ലഭ്യമാക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.












