കോഴിക്കോട്: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തില്‍ ബഷീറിനു ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനെന്നാണ് കുഞ്ഞബ്ദുള്ള അറിയപ്പെട്ടിരുന്നത്. ലളിതമായ ഭാഷ, ഫലിതം, ജീവിതനിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത എന്നിവ കുഞ്ഞബ്ദുള്ളയുടെ എഴുത്തിലെ പ്രത്യേകതകളായിരുന്നു. 1940ല്‍ വടകരയിലാണു ജനനം. തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം സര്‍വകലാശായില്‍ നിന്ന് എംബിബിഎസും നേടി.
ഒട്ടേറെ നോവലുകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്‌നിക്കിനാവുകള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. മലമുകളിലെ അബ്ദുള്ള, പ്രണയകഥ എന്നിവ അദ്ദേഹത്തിന്റെ പ്രധാന ചെറുകഥകളാണ്.












