കല്‍പ്പാത്തി സംഗീതോത്സവത്തിന് സമാപനം
പാലക്കാട്: മുസരീസ് ബിനാലെ മാതൃകയില്‍ പാലക്കാട് സംഗീത ബിനാലെ സംഘടിപ്പിക്കുന്നത് സാംസ്കാരിക വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ. കെ. ബാലന് പറഞ്ഞു. കല്‍പ്പാത്തി സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകപ്രശസ്തരായ സംഗീതജ്ഞരെ ഉള്‍പ്പെടുത്തിയാണ് ബിനാലെ രൂപകല്‍പ്പന ചെയ്യുക. കല്‍പ്പാത്തി രഥോത്സവത്തിന്റെ പ്രശസ്തി കേരളത്തിന്റെ പുറത്തേക്കെത്തിക്കാന്‍ കൂടുതല്‍ ഇടപെടല്‍ അനിവാര്യമാണ്. ഇതിനായി സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും ഭാരത് ഭവനും അടുത്ത വര്‍ഷം മുതല്‍ സംഗീതോത്സവത്തില്‍ സജീവപങ്കാളികളാവും. സംഗീതോത്സവ്വത്തിനായി കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ സാംസ്കാരിക വകുപ്പ് നല്‍കും. മണിഅയ്യര്‍ സ്മാരകത്തിന്റെ നിര്‍മാണം കണ്ണബ്രയില്‍ പുരോഗമിക്കുകയാണ്. സ്മാരക നിര്‍മാണത്തിന് ആദ്യം അനുവദിച്ച പത്തു ലക്ഷത്തിന് പുറമേ അമ്പതുലക്ഷം അധികം അനുവദിക്കും. ഉത്സവങ്ങള്‍ കേരളത്തില്‍ സാമൂഹിക ഐക്യം പടുത്തുയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്വാമി വിവേകാനഥന് കേരളം സന്ദര്‍ശിച്ചതിന്റെ 125ാം വാര്‍ഷികം നവംബര്‍ 28 ന് സര്‍ക്കാര്‍ വിപുലമായി ആഘോഷിക്കും.
കേരളത്തിലെ ചരിത്ര പ്രധാന സ്ഥലങ്ങളും വ്യക്തികളും സംഭവങ്ങളും വിദ്യാര്‍ഥികളെ പരിചയപ്പെടുത്താന്‍ സാംസ്കാരിക യാത്ര സംഘടിപ്പിക്കും. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും കലയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംസ്ഥാന ടൂറിസം വകുപ്പും ചേര്‍ന്നാണ് സംഗീതോത്സവം സംഘടിപ്പിച്ചത്.
Discussion about this post