തിരുവനന്തപുരം: വിവരാവകാശ അപേക്ഷയ്ക്ക് നിശ്ചിത സമയപരിധിക്കുളളില്‍ മറുപടി നല്‍കാതിരുന്ന പൊതു വിവരാവകാശ ഓഫീസര്‍ക്ക് വിവരാവകാശ കമ്മീഷണര്‍ 11,500/- രൂപ പിഴശിക്ഷ വിധിച്ചു. കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്റ് എന്‍വയണ്‍മെന്റിലെ പൊതു വിവരാവകാശ ഓഫീസറായിരുന്ന എം.ബി. ഗീതാലക്ഷ്മിയെയാണ് വിവരാവകാശ കമ്മീഷണര്‍ ഡോ.കെ.എല്‍.വിവേകാനന്ദന്‍ ശിക്ഷിച്ചത്.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പദ്മേഷ് പി. പിളള സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പിഴ ശിക്ഷ. വിവരാവകാശ നിയമത്തിലെ 7(1) വകുപ്പനുസരിച്ച് പരമാവധി 30 ദിവസത്തിനുളളില്‍ നല്‍കേണ്ട മറുപടി 46 ദിവസം വൈകിയതിന് മറുപടി വൈകിയ ഓരോ ദിവസത്തിനും 250/- രൂപ എന്ന ക്രമത്തിലാണ് ശിക്ഷ നിശ്ചയിച്ചത്.












