ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെ പത്ത് ‘ഹെവി ലിഫ്റ്റ്’ സൈനികവിമാനങ്ങള്‍ വാങ്ങാനുള്ള പ്രതിരോധവകുപ്പിന്റെ നിര്‍ദേശത്തിന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി തിങ്കളാഴ്ച അംഗീകാരം നല്‍കി. 18,450 കോടി രൂപയുടെതാണ് കരാര്‍. ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടായിരിക്കും ഇത്.സി-17 ഇനത്തില്‍പ്പെടുന്ന വിമാനങ്ങളാണിവ. എന്നാല്‍ കരാര്‍തുകയുടെ 30 ശതമാനം ഇന്ത്യയില്‍ പ്രതിരോധസൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ വിമാനക്കമ്പനി നിക്ഷേപിക്കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. ബോയിങ്ങില്‍നിന്ന് ആദ്യം 10 സി-17 വിമാനങ്ങള്‍ വാങ്ങിയശേഷം ആറെണ്ണംകൂടി വാങ്ങുന്നതു സംബന്ധിച്ച ഇടപാടുകള്‍ അന്തിമഘട്ടത്തിലാണ്. ‘എയര്‍ലിഫ്റ്റര്‍’ ഇനത്തില്‍ ഇന്ത്യ ആര്‍ജിക്കുന്ന രണ്ടാമത്തെ ഇനം വിമാനങ്ങളാണ് സി-17. നാല് എന്‍ജിനുള്ള സി-17ന്, രണ്ട് ടി-90 ടാങ്കുകള്‍ ഉയര്‍ത്താനാവും. നേരത്തേ സി-130 സൂപ്പര്‍ ഹെര്‍ക്കുലിസ് ഇനത്തില്‍ എയര്‍ ലിഫ്റ്ററുകള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്. അടുത്തകാലത്ത് ഇന്ത്യ ഏകദേശം 36,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ട്. 300 കോടിയിലേറെ രൂപയുടെ പ്രതിരോധക്കരാര്‍ കിട്ടുന്ന ഒരു വ്യാപാരി 30 ശതമാനമെങ്കിലും ഇന്ത്യയുടെ പ്രതിരോധമേഖലയിലോ ആഭ്യന്തര സുരക്ഷാമേഖലയിലോ ആഭ്യന്തര വ്യോമമേഖലയിലോ നിക്ഷേപിക്കണമെന്നതാണ് നടപടിക്രമം.
ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി മധ്യദൂര പോര്‍വിമാനങ്ങള്‍ വില്‍ക്കാന്‍ ബോയിങ്ങും മറ്റൊരു അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനും ഈയിടെ നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. ഏതാണ്ട് 49,500 കോടി രൂപയാണ് ഇത്തരം 126 വിമാനങ്ങള്‍ക്ക് ഇന്ത്യ മുടക്കേണ്ടിയിരുന്നത്. ഈ കരാര്‍ നടക്കാതിരുന്നത് അമേരിക്കയെ നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. പകരം റഷ്യന്‍നിര്‍മിത ഇല്യൂഷിന്‍ 76, ആന്‍േറാനോവ്-32 എന്നീ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
Discussion about this post