ആലപ്പുഴ: ബോംബ് കണ്ടെത്താനും അത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി അപകടം ഒഴിവാക്കുവാനുമുള്ള റിമോട്ട് നിയന്ത്രിത യന്ത്ര സംവിധാനം കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത ഡി.ജി.പി. ജേക്കബ് പുന്നൂസ് നേരിട്ട് ബോധ്യപ്പെട്ടു. മുഖ്യമന്ത്രിയടക്കമുള്ളവരുടെ മുന്നില്‍ ഇതിന്റെ പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുവാനും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിലവിലുള്ള യന്ത്രം സര്‍ക്കാര്‍ അനുമതിയോടെ നിര്‍മിക്കുവാനായാല്‍ ബോംബ് കൈകാര്യം ചെയ്യുമ്പോള്‍ നേരിടേണ്ടിവരുന്ന അപകടങ്ങള്‍ ഒഴിവാക്കാനാകും.
‘ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈന്‍ ഹാന്‍ഡ്‌ലിങ് റോബോട്ട്’ എന്ന് പേരുള്ള ഈ റിമോട്ട് നിയന്ത്രിത യന്ത്രസംവിധാനം കണ്ടെത്തിയത് എറണാകുളം ആന്‍റി സബോട്ടേജ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരായ അനൂപ് കെ. രവീന്ദ്രനും ജോസ് എം.വി. യും ചേര്‍ന്നാണ്. 67,000 രൂപയോളം ചെലവു വന്ന ഈ യന്ത്രം നിര്‍മിക്കാന്‍ ആറ് മാസത്തോളം സമയമെടുത്തു. 50 മീറ്റര്‍ ദൂരപരിധിയില്‍ നിയന്ത്രിക്കാനാകുന്ന ഈ യന്ത്രമുപയോഗിച്ച് 50 കിലോ വരെയുള്ള ബോംബുകള്‍ ഉയര്‍ത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാം.
യന്ത്രത്തില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറ ഉപയോഗിച്ചാണ് ബോംബ് കണ്ടെത്തുക. 360 ഡിഗ്രിയില്‍ (പൂര്‍ണവൃത്താകൃതിയില്‍) തിരിയാനാകുന്ന ഈ യന്ത്രത്തിന്റെ ഒരു ഭാഗം ഒഴികെ മറ്റെല്ലാം ഇന്ത്യന്‍ നിര്‍മിതമാണ്. യന്ത്രത്തിന്റെ കൈപോലുള്ള ഭാഗം യു.കെ. യില്‍നിന്നും ഇറക്കുമതി ചെയ്തതാണ്.
എറണാകുളത്ത് മുമ്പ് സിറ്റിപോലീസ് കമ്മീഷണറായിരുന്ന മനോജ് എബ്രഹാമാണ് ഈ ആശയത്തിനുപിന്നില്‍. ഒരു വര്‍ഷത്തിനുമുമ്പ് റിമോട്ട് ഓപ്പറേറ്റര്‍ വയര്‍ കട്ടര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബോംബ് കണ്ടെത്താനും അത് സുരക്ഷിതമായി നീക്കം ചെയ്യാനും റിമോട്ട് നിയന്ത്രിതയന്ത്രം എന്ന ആശയം ഉദിച്ചത്.
ഐ.ഇ.ഡി. ഹാന്‍ഡ്‌ലിങ് റോബോട്ടിന്റെ ആദ്യപ്രദര്‍ശനമാണ് ഞായറാഴ്ച ആലപ്പുഴ ജില്ലാ പോലീസ് ചീഫിന്റെ ഓഫീസ് വളപ്പില്‍ നടന്നത്. യന്ത്രം കണ്ടെത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച അനൂപ്, ജോസ് എന്നിവരും ആന്‍റി സബോട്ടേജ് സ്‌ക്വാഡ് ഇന്‍ ചാര്‍ജ് എം.പി. പ്രകാശന്‍, ആലപ്പുഴ ബോംബ് സ്‌ക്വാഡ് എസ്.ഐ. പുഷ്പകുമാര്‍ എന്നിവരും ചേര്‍ന്നാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. ജില്ലാ പോലീസ് ചീഫ് സി.എച്ച്. നാഗരാജുവും സന്നിഹിതനായിരുന്നു.
Discussion about this post