തിരുവനന്തപുരം: പ്രളയത്തിനു പുറമേ പകര്‍ച്ചവ്യാധി ദുരന്തം കൂടി സംസ്ഥാനത്ത് ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ വേണ്ട മുന്‍കരുതലെടുക്കണം. എലിപ്പനി വരാതിരിക്കാന്‍ പ്രത്യക കരുതല്‍ വേണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷത്തെ അനുഭവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിന് വേണ്ട മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്നു. കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുക, പ്രാണിജന്യ-ജലജന്യ-ജന്തുജന്യ രോഗങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, എച്ച്.1. എന്‍.1, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കുന്നു. വയറിളക്ക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ക്യാമ്പുകളില്‍ പാനീയ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്. പ്രളയ ജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി പകരാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തിലിറങ്ങുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തകരും നിര്‍ബന്ധമായും ഡോക്സിസൈക്ലിന്‍ കഴിക്കണം. എല്ലാ ക്യാമ്പുകളിലും ആശുപത്രികളിലും ഡോക്സിസൈക്ലിന്‍ ഉറപ്പാക്കിയിട്ടുണ്ട്.
ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്ന രോഗികള്‍ക്ക് മരുന്നുകള്‍ മുടങ്ങാതെ കഴിക്കുന്നതിനുള്ള അടിയന്തര മാര്‍ഗ നിര്‍ദേശവും മരുന്നുകളും ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ തുടര്‍ ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്ക് അതിനുള്ള സൗകര്യം അടുത്തുള്ള ആശുപത്രികളില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. നവജാതശിശുക്കള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പരിചരണം ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു. പ്രളയവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
എല്ലാ ആശുപത്രികളിലും വേണ്ടത്ര സൗകര്യമൊരുക്കി ഏത് സാഹചര്യവും നേരിടുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി. ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിനായി ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. ഓരോ ജില്ലയിലേയും ക്യാമ്പുകള്‍, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കല്‍, മരുന്നുകള്‍, അന്തേവാസികളുടെ സാധനസാമഗ്രികള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ് തുടങ്ങിയവ എല്ലാം ഉറപ്പ് വരുത്താന്‍ പ്രത്യേകം നിര്‍ദേശം നല്‍കി. അതിര്‍ത്തി ജില്ലകളിലെ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമെങ്കില്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ സഹായം ഉറപ്പുവരുത്തും. ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഓരോ ജില്ലകളിലും നടത്തുന്നത്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി. മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാരിനേയും സമീപിച്ചിട്ടുണ്ട്. വെള്ളമിറങ്ങുമ്പോള്‍ വീടുകളിലേക്ക് മടങ്ങുന്നവര്‍ പാമ്പുകളുടെ സാന്നിധ്യം സൂക്ഷിക്കണം. ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. വീട് ശുചീകരിക്കാന്‍ പോകുന്നവര്‍ വദ്യുതാഘാതമേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം (0471 2302160) ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കി. അടിയന്തര സ്വഭാവമുള്ള വൈദ്യസഹായം, ക്യാമ്പുകളിലെ വൈദ്യസഹായം, കുടിവെള്ള സുരക്ഷിതത്വം ഉറപ്പാക്കുക, രോഗ നിരീക്ഷണം, ജലജന്യ, വായുജന്യ, പ്രാണിജന്യ രോഗ നിയന്ത്രണം എന്നീ മേഖലകളിലാണ് പ്രധാനമായും കണ്‍ട്രോള്‍റൂം ഊന്നല്‍ നല്‍കുന്നത്. ആരോഗ്യപരമായ എല്ലാ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ (1056/ 0471 255 2056 ) കോള്‍സെന്ററുണ്ട്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആയുര്‍വേദ, ഹോമിയോ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post