തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 84-ാം ജയന്തി ശ്രീരാമദാസാശ്രമം, ശ്രീരാമദാസമിഷന്‍, ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ വിശ്വശാന്തി ദ്വാദശാഹയജ്ഞമായി സെപ്റ്റംബര്‍ 13 മുതല്‍ 24 വരെ കേരളത്തിലൂടനീളം വിപുലമായി ആഘോഷിക്കുന്നു.
ജയന്തി ആഘോഷപരിപാടികള്‍ക്ക് സെപ്റ്റംബര്‍ 13ന് കാസര്‍ഗോഡ് പാല്‍ക്കുളം ശ്രീദേവീക്ഷേത്രത്തില്‍ തുടക്കമാകും. അന്നേദിവസം തന്നെ കണ്ണൂരിലും ആഘോഷപരിപാടികള്‍ നടക്കും. 14ന് വയനാട്, 15ന് കോഴിക്കോട്, 16ന് മലപ്പുറം, തൃശ്ശൂര്‍, 17ന് പാലക്കാട്, എറണാകുളം, 18ന് ഇടുക്കി, 19ന് പത്തനംതിട്ട, 20ന് കോട്ടയം, 21ന് ആലപ്പുഴ, 22ന് കൊല്ലം, 23ന് തിരുവനന്തപുരത്ത് കിഴക്കേകോട്ട അഭേദാശ്രമത്തില്‍
ശ്രീസത്യാനന്ദഗുരു സമീക്ഷ(ജയന്തി മഹാസമ്മേളനം) എന്നിവ നടക്കും. ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലാകേന്ദ്രങ്ങളില്‍ ഗുരുപൂജ, ശ്രീരാമായണ പാരായണം, ഗുരുഗീതാ പാരായണം, സര്‍വമംഗളപൂജ, അമൃതഭോജനം, ശ്രീ സത്യാനന്ദഗുരു സമീക്ഷ, ഭജന, മംഗളാരതി എന്നിവ ഉണ്ടായിരിക്കും.
ജയന്തി ദിനമായ സെപ്റ്റംബര്‍ 24ന് രാവിലെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ആരാധനയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് അഹോരാത്ര ശ്രീരാമായണ പാരായണം, ലക്ഷാര്‍ച്ചന, കഞ്ഞിസദ്യ, അമൃതഭോജനം, ചെണ്ടമേളം, ഭജന എന്നിവ നടക്കും. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. 25ന് രാവിലെ 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടുകൂടി ജയന്തി ആഘോഷപരിപാടികള്‍ സമാപിക്കും.













