തിരുവനന്തപുരം : നേപ്പാളില്‍ മരിച്ച ചെങ്കോട്ടുകോണം സ്വദേശി പ്രവീണിനും, കുടുംബത്തിനും ജന്മനാടിന്റെ അന്ത്യാഞ്ജലി. പത്തരയോടെ വീട്ടു വളപ്പിലായിരുന്നു സംസ്‌ക്കാരം. ബന്ധുക്കളും, നാട്ടുകാരുമടക്കം നൂറു കണക്കിനുപേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കളിച്ചു വളര്‍ന്ന മുറ്റത്ത് ഒരുക്കിയ കുഴിമാടത്തില്‍ ഒരുമിച്ചാണ് ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവര്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. ഇവരുടെ ഇരു വശത്തുമായി അച്ഛനും, അമ്മയ്ക്കും ചിതയൊരുക്കി. ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകന്‍ ആരവ് എന്ന മൂന്ന് വയസ്സുകാരനാണ് പ്രവീണിനും, ശരണ്യയ്ക്കും കര്‍മ്മങ്ങള്‍ ചെയ്തത് .
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത് . തുടര്‍ന്ന് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. രാവിലെ വിലാപയാത്രയായിട്ടാണ് മൃതദേഹങ്ങള്‍ ചെങ്കോട്ടു കോണത്തെ വീട്ടിലെത്തിച്ചത്.













