തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം സൂക്ഷിക്കാന്‍ പ്രത്യേക മ്യൂസിയത്തിന്റെ ആവശ്യമില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. സ്വത്തുക്കള്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നാണു രാജകുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ഇന്നു സുപ്രീംകോടതിയെ അറിയിക്കും.
ഇതുവരെ തുറക്കാത്ത ബി നിലവറ തുറക്കുന്നതിനു മുമ്പ് ദേവ പ്രശ്നം നടത്തണമെന്നും സ്വത്തുക്കളുടെ സംരക്ഷണത്തിനാവശ്യമായ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രാജകുടുംബം ആവശ്യപ്പെടും. ചരിത്രപരമായി പ്രാധാന്യമുളള പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ അതിനായി ക്ഷേത്രത്തിനുളളിലോ ക്ഷേത്ര പരിസരത്തോ സംവിധാനം ഉണ്ടാക്കണം.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സ്വത്തുക്കളുടെ സംരക്ഷണം സംബന്ധിച്ചു സുപ്രീകോടതി രാജകുടുംബത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുളള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ രാജകുടുംബം കോടതിയെ അറിയിക്കുക. സ്വത്ത് നിലവറയില്‍ തന്നെ സൂക്ഷിക്കണമെന്ന നിലപാട് ആണ് സംസ്ഥാന സര്‍ക്കാരും കൈക്കൊണ്ടിരിക്കുന്നത്. അതിനാവശ്യമായ സുരക്ഷ ഒരുക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
Discussion about this post