തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യധാന്യം നല്കാന് ഭക്ഷ്യവകുപ്പ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ ആധാര്‍ നമ്പര്‍ പരിശോധിച്ച് മറ്റ് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയാവും ഭക്ഷ്യധാന്യം നല്‍കുക. സഹകരണ സ്ഥാപനങ്ങള്‍ വഴി ക്ഷേമപെന്ഷന് വിതരണം ആരംഭിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് വിലകൂട്ടി വില്ക്കാന് അനുവദിക്കില്ല. ഇത്തരം സംഭവങ്ങളില്‍ കര്‍ക്കശ നടപടിയുണ്ടാവും. സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുമായി ഓഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. മൊത്തക്കച്ചവടക്കാരില്‍ നിന്ന് റീട്ടെയില്‍ വ്യാപാരികളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് തടസമുണ്ടാവില്ല. മൂന്നോ നാലോ മാസത്തേക്കുള്ള സാധനം സ്റ്റോക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള തടസം ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇക്കാര്യം ഉന്നതതല സംഘം വിലയിരുത്തും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് സാധാനങ്ങളെത്തിക്കാന്‍ ആവശ്യമെങ്കില്‍ ഇവിടെ നിന്ന് കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ അയയ്ക്കും. ബന്ധപ്പെട്ട എല്ലാ ഇതര സംസ്ഥാന സര്‍ക്കാരുകളുമായും ഇക്കാര്യത്തില്‍ ധാരണയിലെത്തും. കേന്ദ്രസഹകരണവും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post