തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി എന്റര്‍പ്രൈസസിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്കാണ് യോഗം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ എല്ലാ പാര്‍ട്ടികളുടെയും പിന്തുണ തേടാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. വിമാനത്താവളം അദാനിക്ക് കൈമാറരുതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കുകയും ചെയ്തു. വ്യോമയാന മന്ത്രാലയം നേരത്തെ സംസ്ഥാനത്തിന് നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് പുതിയ തീരുമാനം. സ്വകാര്യമേഖലയ്ക്കു കൈമാറാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്തിന്റെ സംഭാവനകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നതാണ്. കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യം നേരിട്ട് ഉറപ്പ് നല്‍കിയിരുന്നതായും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ താല്‍പര്യം പരിഗണിച്ചില്ലെങ്കില്‍ കേന്ദ്ര തീരുമാനത്തോട് സഹകരിക്കാനാവില്ലെന്നും പിണറായി കത്തില്‍ അറിയിച്ചു. വിമാനത്താവളം സ്വകാര്യകമ്പനിക്ക് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. കോവിഡിന്റെ മറവില്‍ തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് ആന്റണി ആരോപിച്ചു. അതേസമയം, ബിജെപി നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.













