കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസുകളില്‍ പുനര്‍വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടു. സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തെത്തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസുകളിലെ പ്രതികളെ വെറുതേ വിട്ടതിനെതിരേ സര്‍ക്കാരും ഇരകളുടെ അമ്മയും നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. തുടരന്വേഷണത്തിന് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേസുകള്‍ പാലക്കാട് പോക്സോ കോടതിയുടെ പരിഗണനയ്ക്കുവിട്ട ഡിവിഷന്‍ ബെഞ്ച് പ്രതികളായ വലിയമധു, കുട്ടി മധു, ഷിബു എന്നിവരോട് ജനുവരി 20 ന് വിചാരണക്കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു.
കേസില്‍ തെളിവെടുപ്പു സമയത്തുള്‍പ്പെടെ മുന്‍കൈയെടുക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നും ഇതില്‍ മനസ്താപമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. നിയമനടപടികളില്‍ സത്യമാണ് വഴിവിളക്ക്. സത്യത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടായാലേ നീതി നിര്‍വഹണ സംവിധാനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.













