കൊല്ലം: വിസ്മയയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് കൊല്ലം റൂറല്‍ എസ്.പി കെ.ബി രവി. എന്നാല്‍ ആത്മഹത്യ ചെയ്തത് നിരന്തരമായ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്നും വ്യക്തമായെന്ന് അദ്ദേഹം അറിയിച്ചു. ഇക്കാര്യങ്ങള്‍ വിശദമായി തെളിവുകളോടെ കോടതിയില്‍ ആത്മഹത്യാ വിരുദ്ധ ദിനമായ ഇന്ന് സമര്‍പ്പിക്കുമെന്നും അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും റൂറല്‍ എസ്.പി പറഞ്ഞു.
കേസില്‍ 102 സാക്ഷികളും, 56 തൊണ്ടിമുതവും, 92 റെക്കാഡുകളുമുണ്ട്. ഡിജിറ്റല്‍ തെളിവുകളും കൃത്യമായി കണ്ടെത്തി. 500 പേജുളള കുറ്റപത്രം കുറ്റമറ്റതാണെന്നും റൂറല്‍ എസ്.പി വ്യക്തമാക്കി. വിസ്മയയുടെ സുഹൃത്തുക്കളും ബന്ധുക്കളുമല്ലാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവരും സാക്ഷി പട്ടികയിലുണ്ട്.
കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ വിസ്മയയെ കണ്ടെത്തിയത് ജൂണ്‍ 21നായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് വിസ്മയയുടെ മരണമെന്ന് അന്നുതന്നെ അച്ഛനമ്മമാര്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാറിനെ അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം വിസ്മയയെ കിരണ്‍ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ അറിയിച്ചത്. പിന്നീട് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.പെന്‍ഷനോ ആനുകൂല്യങ്ങളോ മറ്റ് സര്‍ക്കാര്‍ ജോലിയോ കിരണിന് ഇനി ലഭിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതി കിരണ്‍ കുമാര്‍ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങാതിരിക്കാനാണ് 90 ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.
Discussion about this post