തിരുവന്തപുരം: കേരളത്തിന്റെ സഹകരണ മേഖലയെ നശിപ്പിക്കാന്‍ നോക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിഞ്ഞു ജാഗ്രതയോടെയുള്ള ഇടപെടല്‍ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സഹകരണ മേഖലയെ കൂടുതല്‍ കാര്യക്ഷമവും ശക്തവുമാക്കി പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖല എത്ര ശ്രദ്ധ ആകര്‍ഷിക്കുന്നോ അത്രത്തോളമോ അതില്‍ക്കൂടുതലോ അതിനെതിരായ നീക്കങ്ങളും ശക്തിപ്പെടുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യകരമായ നീക്കമല്ല അത്. സഹകരണ മേഖലയെ ഏതെല്ലാം രീതിയില്‍ തളര്‍ത്താന്‍ കഴിയുമെന്നതിലാണു നോട്ടം. ഇത്തരം നീക്കങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. അതിനെയൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞു. ഇതു പ്രത്യേക ഘട്ടമായിക്കണ്ട് ഇതിനനുസരിച്ചുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കേരള ബാങ്കിനും ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടാകണം. കേരളത്തിലെ സഹകരണ മേഖലയുടെ, പ്രത്യേകിച്ചു ക്രെഡിറ്റ് മേഖലയുടെ ഭാഗമായാണു കേരള ബാങ്ക് നില്‍ക്കുന്നത്. സഹകരണ മേഖലയുടെ കരുത്ത് ഇതേ രീതിയില്‍ നില്‍ക്കണം. അതിന് ഉതകുന്ന നടപടികള്‍ നിതാന്ത ജാഗ്രതയോടെ കേരള ബാങ്ക് സ്വീകരിക്കണം.
കേരളത്തിലെ സഹകരണ മേഖലയെ ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിക്കാനുള്ള കരുത്ത് സര്‍ക്കാരിനുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ മേഖലയുടെ സംരക്ഷണത്തിനു കൂട്ടായ പ്രവര്‍ത്തനങ്ങളുണ്ടാകണമെന്നു കേരള ബാങ്കിന്റെ പ്രചോദനം ഗീതം പ്രകാശനം ചെയ്തു ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സഹകരണ ബാങ്കുകള്‍ കേരളീയ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രചോദന ഗീതത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കു പുരസ്‌കാരം നല്‍കിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
പ്രചോദന ഗീതത്തിന്റെ രചയിതാവ് കെ.സി. സഹദേവന്‍, സംഗീത സംവിധാനം നിര്‍വഹിച്ച എസ്. ശ്രീകുമാര്‍ എന്നിവര്‍ക്കു മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി. കേരള ബാങ്കിന്റെ ‘ബി ദ നമ്പര്‍ വണ്‍’ ക്യാംപെയിന്റെ ലോഗോ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പ്രകാശനം ചെയ്തു. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് എന്നിവരും പങ്കെടുത്തു.
Discussion about this post