പമ്പ: ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പ ഭക്തര്‍ കാനനവാസന് തങ്ങള്‍ ദര്‍ശനത്തിനെത്തി എന്ന് അറിയിക്കുന്നതിനും, ഉദ്ദിഷ്ട കാര്യ പ്രാപ്തിക്ക് വേണ്ടിയും അര്‍പ്പിക്കുന്നതാണ് വെടി വഴിപാട്. കുടുംബ ഐശ്വര്യത്തിനും, ആയുസ്, ആരോഗ്യത്തിന് വേണ്ടിയും മറ്റുമാണ് ഭക്തര്‍ വെടി വഴിപാട് അര്‍പ്പിക്കുന്നത്.
കോവിഡ് സാഹചര്യത്തില്‍ 2019 മകരവിളക്കിന് ശേഷം ഈ മണ്ഡല കാലത്താണ് വെടി വഴിപാടിനുള്ള സംവിധാനം ഒരുക്കിയത്. പുലര്‍ച്ചെ നാലു മുതല്‍ ഉച്ചക്ക് ഒരുമണി വരെയും വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയുമാണ് വെടിവഴിപാടിനുള്ള സൗകര്യം. വഴിപാട് നടത്തുന്ന ഭക്തരുടെ പേരും വഴിപാട് എണ്ണവും ഉച്ചഭാഷിണിയിലൂടെ വിളിച്ച് പറയുമ്പോള്‍ എണ്ണത്തിന് അനുസരിച്ച് കതിനയ്ക്ക് തിരികൊളുത്തും.
തീ അണക്കാനുള്ള ക്രമീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കതിന നിറച്ച് തിരികൊളുത്തുന്നിടത്ത് 12 ജീവനക്കാരും ഉച്ചഭാഷിണിയില്‍ വിളിച്ച് പറയാന്‍ രണ്ട് ജീവനക്കാരുമാണുള്ളത്. അയ്യപ്പനെ അഭ്യാസ മുറകള്‍ പഠിപ്പിച്ച ചീരപ്പന്‍ചിറ കുടുംബത്തിന് പന്തളം രാജാവ് വെടിവഴിപാടിനുള്ള അവകാശം നല്‍കുകയും പിന്നീട് ദേവസ്വം ബോര്‍ഡ് വെടി വഴിപാട് ഏറ്റെടുത്ത് നടത്തുകയുമായിരുന്നു.
നേരത്തെ ശബരിപീഠം, ശരംകുത്തി, കരിമല എന്നിവിടങ്ങളിലും വെടിവഴിപാടിനുള്ള സൗകര്യമുണ്ടായിരുന്നു. ഒരു വെടിവഴിപാടിന് 20 രൂപയാണ് നിരക്ക്. ദേവസ്വം ബോര്‍ഡ് വെടിവഴിപാട് ലേലം ചെയ്തുവരുന്നു. സന്നിധാനം നടപ്പന്തലിന് സമീപമാണ് വെടിവഴിപാടിനുള്ള കൗണ്ടറുള്ളത്. കൂടാതെ സന്താന സൗഭാഗ്യത്തിനും, മംഗല്യ ഭാഗ്യത്തിനും, ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കുമായി മാളികപുറത്തും വെടിവഴിപാട് നടത്തിവരുന്നു.
Discussion about this post