തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കോളജുകളും സ്‌കൂളുകളും ആരാധനാലയങ്ങളും വീണ്ടും തുറക്കാന്‍ തീരുമാനമായി. അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.
കോളജുകള്‍ ഈ മാസം ഏഴിനും സ്‌കൂളുകള്‍ 14-ാം തീയതിയും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്നാം തരംഗത്തില്‍ വ്യാപനം കൂടിയതോടെയാണ് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നത്.
സി കാറ്റഗറിയിലുള്ള ജില്ലകളിലെ ആരാധനാലയങ്ങളിലാണ് പ്രവേശന വിലക്ക് നിലനിന്നിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ മൂലം ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനമാണ് പിന്‍വലിച്ചത്.
ദര്‍ശനത്തിന് ഒരേസമയം 20 പേരെയാണ് അനുവദിക്കുക. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കാനും ക്ഷേത്ര പരിസരത്ത് 200 പേരെ മാത്രമേ അനുവദിച്ചാല്‍ മതിയെന്നും അവലോകനയോഗം തീരുമാനിച്ചു.
നിലവില്‍ കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ നിന്നും നാല് ജില്ലകളെ ഒഴിവാക്കി. കോട്ടയം, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഒഴിവാക്കിയത്. കൊല്ലം ജില്ല മാത്രമാണ് നിലവില്‍ സി വിഭാഗത്തിലുള്ളത്.













