ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ പത്ത് വയസുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അച്ഛന്‍ കസ്റ്റഡിയില്‍. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് കുട്ടിയുടെ പിതാവ് അസ്‌ക്കര്‍ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുവരും. ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്.
മുദ്രാവാക്യം വിളിച്ചതില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കുന്ന വിശദീകരണം. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കം നിരവധി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുദ്രാവാക്യം വിളിച്ചതിന് സംഘാടകര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘം കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു.













