കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിഞ്ഞ നടനും നിര്‍മാതാവുമായ വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് അദ്ദേഹമെത്തിയത്. തേവരയിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം പോയി.
കോടതിയെ മാനിക്കുന്നുവെന്നും പോലീസുമായി പൂര്‍ണമായി സഹകരിക്കുമെന്നും വിജയ് ബാബു പ്രതികരിച്ചു. സത്യം പുറത്തുവരണം. തനിക്കൊപ്പം നിന്ന സുഹൃത്തുക്കളോടും കുടുംബത്തോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് സൂചന. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്.
നടി പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം വിജയ് ബാബു നാട്ടിലെത്തിയിരിക്കുന്നത്.
Discussion about this post