തിരുവനന്തപുരം: ലോക കേരളസഭയ്ക്കിടെ അനിത പുല്ലയിലിനെ നിയമസഭയിലെത്താന്‍ സഹായിച്ച സഭാ ടിവിയുടെ നാല് കരാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ഇവരെ സഭാ ടിവി ചുമതലകളില്‍നിന്ന് ഒഴിവാക്കി. വസീല, വിപുരാജ്, പ്രവീണ്‍, വിഷ്ണു എന്നിവര്‍ക്കെതിരായാണ് നടപടി സ്വീകരിച്ചത്. സ്പീക്കര്‍ എം.ബി. രാജേഷാണ് ഇക്കാര്യം അറിയിച്ചത്.
സഭാ മന്ദിരത്തില്‍ പാസ് ഇല്ലാതെ അനിത കടന്നത് വീഴ്ചയാണെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനിതയ്ക്ക് ഓപ്പണ്‍ ഫോറത്തില്‍ പ്രവേശിക്കാനുള്ള പാസുണ്ടായിരുന്നു. ഈ പാസുപയോഗിച്ചാണ് സഭയില്‍ പ്രവേശിച്ചത്. ഇവര്‍ ലോകകേരളസഭാ നടന്ന ഒരു ഭാഗത്തേയ്ക്കും എത്തിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
മലയാളം മിഷനും പ്രവാസി സംഘടനകള്‍ക്കും പാസ് നല്‍കിയിരുന്നു. ഇതില്‍ ഒരു പാസാണ് അനിതയുടെ കൈവശം ഉണ്ടായിരുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡ് അനിത പുല്ലയിലിനെ തിരിച്ചറിഞ്ഞില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരിയെന്ന ആരോപണം ഉയര്‍ന്ന അനിത പുല്ലയിലിന് നിയമസഭയിലെത്തിയത് സഭാ ടിവിയ്ക്ക് സാങ്കേതിക സഹായം ഒരുക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ജീവനക്കാരുടെ സഹായത്തോടെയെന്ന് ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
സഭാ ടിവിയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോം ഒരുക്കുന്ന ബിട്രെയിറ്റ് സൊല്യുഷന്‍സിലെ രണ്ടു ജീവനക്കാര്‍ അനിത പുല്ലയില്‍ നിയമസഭയിലുണ്ടായിരുന്ന മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നതായും സ്പീക്കര്‍ എം.ബി. രാജേഷിനു കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.













