തിരുവനന്തപുരം: സ്വപ്ന സുരേഷിന് തിരിച്ചടി. തനിക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
കേസന്വേഷണം പ്രഥമിക ഘട്ടത്തിലാണെന്ന് നിരീക്ഷിച്ച കോടതി, കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ കേസ് റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. ജസ്റ്റീസ് സിയാദ് റഹ്മാനാണ് വിധി പറഞ്ഞത്.
സ്വപ്ന സുരേഷിനെതിരെ കന്റോണ്‍മെന്റ്, കസബ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ മൊഴിക്ക് പിന്നാലെയായിരുന്നു കേസെടുത്തത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകള്‍ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വാദം.
എന്നാല്‍ തെളിവുകള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം തുടരുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.













