ആലപ്പുഴ: അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞ് രണ്ട് മരണം. രണ്ട് പേരെ കാണാതായി. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ചെന്നിത്തല സ്വദേശി ആദിത്യന്‍, ചെറുകോല്‍ സ്വദേശി ബിനീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പള്ളിയോടം മറിഞ്ഞതിന് 50 മീറ്റര്‍ മാറിയാണ് ആദിത്യന്റെ മൃതദേഹം കിട്ടിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു അപകടം. അമ്പതോളം പേരാണ് അപകട സമയത്ത് പള്ളിയോടത്തില്‍ ഉണ്ടായിരുന്നത്. തുഴച്ചില്‍ക്കാര്‍ അല്ലാത്തവരും പള്ളിയോടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കാണാതായ മൂന്ന് പേര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മാവേലിക്കരയ്ക്ക് അടുത്ത് വലിയ പെരുമ്പുഴക്കടവില്‍ രാവിലെ 8.30ഓടെയാണ് സംഭവം. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാനൊരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. നാളെയാണ് ഉത്രട്ടാതി ജലമേള നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തില്‍ പെട്ടത്. അച്ചന്‍കോവിലാറ്റിലെ പ്രദക്ഷിണത്തിനിടെയാണ് അപകടം സംഭവിച്ചത്.
വള്ളം ആറ്റിലേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്. നാട്ടുകാരാണ് അപകടത്തിന് പിന്നാലെ ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. മറ്റ് വള്ളങ്ങള്‍ കൊണ്ടുവന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൂടുതല്‍പേര്‍ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.













