കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്തായിരുന്നു അദാനി ഗ്രൂപ്പ് ഹര്‍ജി സമര്‍പ്പിച്ചത്. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ സമയം തേടിയതോടെ ഹര്‍ജി ചൊവ്വാഴ്ചയിലേയ്ക്ക് പരിഗണിക്കാന്‍ മാറ്റി.
തുറമുഖ നിര്‍മ്മാണത്തിന് മതിയായ സുരക്ഷ ഒരുക്കണമെന്നും പദ്ധതി തടസപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും സിംഗിള്‍ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മ്മാണം തടസപ്പെടുത്താത്ത രീതിയിലാവണം പ്രതിഷേധമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് കാണിച്ചാണ് അദാനി ഗ്രൂപ്പ് ഹര്‍ജി നല്‍കിയത്. കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പൊലീസ് സുരക്ഷ നല്‍കാത്തതിനാല്‍ തുറമുഖ നിര്‍മ്മാണം നിലച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.













