കൊച്ചി: ശബരിമലയില്‍ 143 കോടി രൂപ മതിപ്പു ചെലവു പ്രതീക്ഷിസക്കുന്ന 14 വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു ശബരിമല മാസ്‌റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫണ്ട് ട്രസ്‌റ്റ് ബോര്‍ഡിന്റെ അംഗീകാരം. കൊച്ചിയില്‍ ചേര്‍ന്ന പ്രഥമ യോഗമാണു മാസ്‌റ്റര്‍ പ്ലാനിന്റെ ആദ്യ ഘട്ടമായി 14 പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണു നീക്കം.
ശബരിമല മാസ്‌റ്റര്‍ പ്ലാന്‍ ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ജയകുമാര്‍ അവതരിപ്പിച്ച പദ്ധതി രൂപരേഖ യോഗം അംഗീകരിക്കുകയായിരുന്നു. ഏതാനും പദ്ധതികള്‍ക്കു മാത്രമേ സാമ്പത്തിക സഹായം ഉറപ്പു ലഭിച്ചിട്ടുള്ളൂ. മറ്റു പദ്ധതികള്‍ക്കു കൂടി സഹായം ലഭ്യമാക്കാന്‍ സഹായിക്കുമെന്നു ട്രസ്‌റ്റ് അംഗങ്ങള്‍
ഉറപ്പു നല്‍കി. ട്രസ്‌റ്റ് ബോര്‍ഡിന്റെ അടുത്ത യോഗം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹൈദരാബാദില്‍ നടക്കും.
പമ്പയിലും സന്നിധാനത്തും മലിനജല സംസ്‌കരണ പ്ലാന്റുകള്‍ (40 കോടി രൂപ), റോപ് വേ (25 കോടി), അയല്‍ സംസ്‌ഥാനങ്ങളുടെ സഹായത്തോടെയുള്ള വാസകേന്ദ്രങ്ങള്‍ (ഭവനുകള്‍ – 20 കോടി), പ്രസാദം കോംപ്ലക്‌സ് (16 കോടി), ക്യു കോംപ്ലക്‌സ് (15 കോടി), നിലയ്‌ക്കലില്‍ പാര്‍ക്കിങ് സൗകര്യം (10 കോടി), അന്നദാന മണ്ഡപം (അഞ്ചു കോടി), നിലയ്‌ക്കല്‍ ചെക്ക് ഡാം (നാലു കോടി), കുന്നാര്‍ ഡാം നവീകരിച്ചു ജലവിതരണം (3.5 കോടി), നിലയ്‌ക്കല്‍ ക്ഷേത്ര നവീകരണം (1.5 കോടി), പമ്പയില്‍ വിശ്രമപ്പന്തല്‍ (1.25 കോടി) എന്നിവയാണ് അംഗീകാരം ലഭിച്ച പ്രധാന പദ്ധതികള്‍.
കുന്നാര്‍ ഡാം നവീകരണത്തിനു ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് സാമ്പത്തിക സഹായം നല്‍കും. മാസ്‌റ്റര്‍ പ്ലാന്‍ സംബന്ധിച്ച വിശദ വിവരങ്ങളുള്ള വെബ് പോര്‍ട്ടല്‍ ടാറ്റാ കണ്‍സള്‍റ്റന്‍സി സര്‍വീസസ് സൗജന്യമായി രൂപകല്‍പന ചെയ്യും. ക്യു കോംപ്ലക്‌സിന്റെ ആദ്യ ബ്ലോക് നിര്‍മാണം കുമരന്‍ സില്‍ക്‌സ് ഏറ്റെടുത്തതായി യോഗത്തെ അറിയിച്ചു. മാളികപ്പുറം ക്ഷേത്രം പുനര്‍ നിര്‍മാണം ജിഎംആര്‍ ഗ്രൂപ്പും ഏറ്റെടുത്തു. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സാങ്കേതിക പഠനത്തിനായി വിദഗ്‌ധ സംഘത്തെ അയയ്‌ക്കാനും ഗ്രൂപ് സന്നദ്ധ പ്രകടിപ്പിച്ചു.
ശോഭാ ഡവലപ്പേഴ്‌സും യുണൈറ്റഡ് ടെലികോമും പദ്ധതികള്‍ക്കു സാങ്കേതിക സഹായവും വാഗ്‌ദാനം ചെയ്‌തു. കുന്നാര്‍ ഡാം നവീകരണം, ക്യൂ കോംപ്ലക്‌സ്, മാളികപ്പുറം ക്ഷേത്ര നവീകരണ പദ്ധതികള്‍ ഈ സീസണില്‍ തന്നെ പൂര്‍ത്തിയാക്കാനാണു ശ്രമമെന്ന് ഹൈപവര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ജയകുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കമ്മിറ്റി അവതരിപ്പിച്ച പദ്ധതികള്‍ ട്രസ്‌റ്റ് ബോര്‍ഡ് അംഗീകരിച്ചു. പദ്ധതികള്‍ക്കു പണം കണ്ടെത്തുകയാണു ട്രസ്‌റ്റിന്റെ ദൗത്യം. ഏതാനും പദ്ധതികള്‍ക്കു സഹായ വാഗ്‌ദാനം ലഭിച്ചുകഴിഞ്ഞു.
ബോര്‍ഡിന്റെ അടുത്ത യോഗം നവംബറിനു മുന്‍പു ഹൈദരാബാദില്‍ ചേരും. ശബരിമല സന്ദര്‍ശിക്കുന്ന ഭക്‌തരില്‍ നല്ലൊരു ശതമാനം ആന്ധ്രയില്‍ നിന്നാണ്. ചെന്നൈ, ബാംഗ്ലൂര്‍ നഗരങ്ങളിലും യോഗം ചേരും. അയല്‍ സംസ്‌ഥാന സര്‍ക്കാരുസകള്‍ക്കും പദ്ധതികളോടു സഹകരിക്കാം. നിലയ്‌ക്കലില്‍ കര്‍ണാടക ഭവന്‍ നിര്‍മിക്കാന്‍ അഞ്ചു കോടി അനുവദിച്ചിരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ പണം നല്‍കാനും കര്‍ണാടക സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതികളില്‍ ഭക്‌തര്‍ക്കും പങ്കുചേരാം. സംഭാവനകള്‍ക്ക് ആദായ നികുതി ഇളവും ലഭിക്കും.
സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും സാമ്പത്തിക സഹായം ഇല്ലാതെ, മറ്റു തരത്തില്‍ പണം കണ്ടെത്തി മാസ്‌റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനാണു ട്രസ്‌റ്റ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ട്രസ്‌റ്റിന്റെ രക്ഷാധികാരിയുമായ ടി.കെ.എ. നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍, ദേവസ്വം കമ്മിഷണര്‍ പി.വി. നളിനാക്ഷന്‍ നായര്‍, ട്രസ്‌റ്റ് അംഗങ്ങളായ ജി.എം. റാവു (ജിഎംആര്‍ ഗ്രൂപ്), ഡോ.പി. രാജമോഹന്‍ റാവു (യുണൈറ്റഡ് ടെലികോം), ആര്‍.കെ. കൃഷ്‌ണകുമാര്‍ (ഇന്ത്യന്‍ ഹോട്ടല്‍സ്), പി.ആര്‍. കുമാര്‍ (കുമരന്‍ സില്‍ക്‌സ്), പി.എന്‍.സി. മേനോന്‍ (ശോഭാ ഡവലപ്പേഴ്‌സ്) എന്നിവരും പ്രത്യേക ക്ഷണിതാക്കളായി തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ ഓംബുഡ്‌സ്‌മാന്‍ ജസ്‌റ്റിസ് ആര്‍. ഭാസ്‌കരന്‍, ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ജസ്‌റ്റിസ് എം. രാജേന്ദ്രന്‍ നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ കെ. രവികുമാര്‍ എന്നിവരും പങ്കെടുത്തു.
Discussion about this post