തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി കവാടമായ മുല്ലൂരിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും അനധികൃതമായി സംഘം ചേര്‍ന്നതിനുമാണ് വിഴിഞ്ഞം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ശശികല ടീച്ചര്‍ക്ക് പുറമെ പരിപാടിയില്‍ പങ്കെടുത്ത കണ്ടാല്‍ അറിയാവുന്ന 700 പേര്‍ക്ക് എതിരെയും കേസ് ഉണ്ട്.
എന്നാല്‍ ഗതാഗതം ബാരിക്കേടുകള്‍ വെച്ച് തടസ്സപ്പെടുത്തിയത് പൊലീസ് ആണെന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നും ജനകീയ സമരസമിതി അറിയിച്ചു. ജനകീയ സമരസമിതിക്ക് നേരെ ലത്തീന്‍ അതിരൂപത സമരക്കാരുടെ നേതൃത്വത്തില്‍ നടത്തിയ അക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച മുല്ലൂരിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
ഹിന്ദുസമൂഹത്തിന് ഹിന്ദു ഐക്യവേദി പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പറഞ്ഞു. ശനിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ അഭിലാഷിനെയും ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു.
വിഴിഞ്ഞം സമരത്തിന് പിന്നിലെ രാജ്യദ്രോഹ ശക്തികള്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് പറയണം. സിപിഎം സംസ്ഥാന സെക്രട്ടറിയല്ല മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ മറുപടി പറയണം. വിഴിഞ്ഞം കലാപത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം ദുരൂഹമാണ്. പൊലീസിനെ അക്രമിച്ചവര്‍ക്ക് എതിരെ കേസില്ല. സമാധാനപരമായി യോഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാക്കള്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും എംടി രമേശ് ആരോപിച്ചു.













