തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരന് ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍.
ലാത്വിയന്‍ യുവതിയെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ റിസോര്‍ട്ടിലെത്തിയ വനിതയെ 2018 മാര്‍ച്ച് 14നാണ് കാണാതായത്.
ഏപ്രില്‍ 20ന് പൂനംതുരുത്തില്‍ ചതുപ്പില്‍ അഴുകിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ സഹോദരി തിരിച്ചറിഞ്ഞതോടെയാണ് കൊല്ലപ്പെട്ടത് ലാത്വിയന്‍ യുവതിയാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഡി എന്‍ എ പരിശോധനയും നടത്തി.
ടൂറിസ്റ്റ് ഗൈഡുകളാണെന്നും സ്ഥലങ്ങള്‍ കാണിച്ചുതരാമെന്നും പറഞ്ഞാണ് പ്രതികള്‍ യുവതിയെ സമീപിച്ചത്. തുടര്‍ന്ന് കണ്ടല്‍ക്കാടുകളിലെത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അന്ന് ഫോര്‍ട്ട് അസി.കമ്മിഷണറായിരുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെ.കെ. ദിനിലാണ് കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയത്.
Discussion about this post