തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ ഐ എയുടെ വ്യാപക റെയ്ഡ്. സംസ്ഥാനവ്യാപകമായി 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍,സാമ്പത്തിക സഹായം നല്‍കിയവര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. എന്‍ ഐ എയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പി എഫ് ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ്. പി എഫ് ഐ നിരോധിച്ചെങ്കിലും രഹസ്യമായി സംഘടനയുടെ പ്രവര്‍ത്തനം നടക്കുന്നു എന്ന് രഹസ്വാന്വേഷണ ഉദ്യാേഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് റിപ്പോര്‍ട്ട്.
എറണാകുളം റൂറലിലാണ് കൂടുതല്‍ റെയ്ഡ് നടക്കുന്നത്. ഇവിടെ 12 കേന്ദ്രങ്ങളിലാണ് പരിശോധന. തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍ എന്നീ മൂന്നു സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. പി എഫ് ഐ പ്രവര്‍ത്തകന്‍ തോന്നയ്ക്കല്‍ നവാസിന്റെ വീട്ടില്‍ റെയ്ഡ് നടക്കുകയാണ്. പത്തനംതിട്ടയില്‍ പി എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടില്‍ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും റെയ്ഡുണ്ട്.
മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്. പി എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി തമര്‍ അഷ്റഫിന്റെ വീട്ടിലും റെയ്ഡുണ്ട്. കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലും റെയ്ഡ് പുരാേഗമിക്കുകയാണ്.













