തൊടുപുഴ: കെഎസ്ആര്‍ടിസി ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആഡംബര സൗകര്യങ്ങളുള്ള ക്രൂയിസ് കപ്പലില്‍ കടലിലെ ഉല്ലാസ യാത്രയ്ക്ക് കെഎസ്ആര്‍ടിസി അവസരമൊരുക്കുന്നു.
കട്ടപ്പന , തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും അറബിക്കടലില്‍ സഞ്ചാരികള്‍ക്കായി ഉല്ലാസ യാത്രയൊരുക്കുന്നത്. തൊടുപുഴ ഡിപ്പോയില്‍ നിന്ന് 13ന് ഉച്ചയ്ക്ക് ഒന്നിന് ആദ്യ കടല്‍ ഉല്ലാസ യാത്രയ്ക്കുള്ള സംഘം പുറപ്പെടും.
ഡിപ്പോയില്‍നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കൊച്ചിയിലെത്തി അവിടെനിന്നാണ് ജലയാനത്തില്‍ ഉല്ലാസയാത്ര നടത്തുന്നത്. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള ആഡംബര യാനമായ നെഫര്‍റ്റിറ്റിയിലാണ് അഞ്ചുമണിക്കൂര്‍ നീളുന്ന ഉല്ലാസയാത്ര. കടലിലെ ഉല്ലാസയാത്രയ്ക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയതും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതുമായ ജലയാനമാണ് നെഫര്‍റ്റിറ്റി.
സുരക്ഷിത യാത്രയ്ക്കായി 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ കപ്പലിലുണ്ട്. യാത്രക്കിടയില്‍ രസകരമായ ഗെയിമുകള്‍, തത്സമയ സംഗീതം, നൃത്തവിരുന്ന്, വെജ്, നോണ്‍വെജ് സ്‌പെഷല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, ത്രിഡി തിയറ്റര്‍, അപ്പര്‍ഡെക്ക് ഡിജെ, ഓപ്പണ്‍ സണ്‍ഡെക്ക്. വിഷ്വല്‍ ഇഫക്ട്‌സ് എന്നിവ ആസ്വദിക്കാം.
കെഎസ്ആര്‍ടിസി ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയ്ക്കകത്തെയും പുറത്തെയും ടൂറിസം കേന്ദ്രങ്ങളിലേക്ക് എല്ലാ ആഴ്ചയിലും സര്‍വീസ് നടത്തി വരുന്നുണ്ട്. തൊടുപുഴ ഡിപ്പോയില്‍നിന്നു മലക്കപ്പാറയ്ക്ക് വിനോദ സഞ്ചാരികളുമായി സര്‍വീസ് നടത്തുന്നുണ്ട്.
കൂടാതെ ജംഗിള്‍ സഫാരി ആസ്വദിക്കുന്നവര്‍ക്കായി പത്തനംതിട്ട ജില്ലയിലെ ഗവിയിലേക്കും സര്‍വീസ് നടത്തുന്നു. ഇതിനു പുറമേ കാല്‍വരിമൗണ്ട്, അഞ്ചുരുളിവഴി വാഗമണ്‍, ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ ഉള്‍പ്പെടുത്തി വാഗമണ്‍, നേര്യമംഗലം, മാമലക്കണ്ടം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാര്‍ തുടങ്ങിയ സര്‍വീസുകളും വിജയകരമായിരുന്നു.
കഴിഞ്ഞ മാസം മുതല്‍ സമുദ്രനിരപ്പില്‍നിന്ന് 3605 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചതുംരഗപ്പാറയിലേക്കും ടൂറിസം സര്‍വീസ് നടത്തുന്നുണ്ട്. ജില്ലയില്‍ തൊടുപുഴ, കട്ടപ്പന ഡിപ്പോകള്‍ക്കു പുറമെ കുമളി, മൂന്നാര്‍ ഡിപ്പോകളില്‍ നിന്നും ടൂറിസം സര്‍വീസുകള്‍ ലാഭകരമായി നടത്തുന്നുണ്ട്.
ക്രൂയിസ് കപ്പല്‍ യാത്രക്കായി തൊടുപുഴ കെഎസ്ആര്‍ഡിസി ഡിപ്പോയില്‍ നിന്നും മുതിര്‍ന്നവര്‍ക്ക് 3000 രൂപയും കുട്ടികള്‍ക്ക് 1210 രൂപയുമാണ് ചാര്‍ജ്. ബുക്കിംഗ് നന്പര്‍ 9400262204, 8304889896. കട്ടപ്പനയില്‍ നിന്നും മുതിര്‍ന്നവര്‍ക്ക് 3250 രൂപയും കുട്ടികള്‍ക്ക് 1460 രൂപയുമാണ് ചാര്‍ജ്. ഫോണ്‍.8848645150, 9495161492.
Discussion about this post