കൊല്ലം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ജനുവരി 6ന് ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലേക്കുള്ള നടപ്പാലം, പ്ലാന്റ് ടെക്നിക്കല്‍ സര്‍വീസ് ബില്‍ഡിംഗ്, ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബ് ബില്‍ഡിംഗ്, കെ.എം.എം.എല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബില്‍ഡിംഗ് എന്നിവയുടെ ശിലാസ്ഥാപനവും ഖനനമേഖലകളില്‍ ഹരിത പുനരുജ്ജീവനം ലക്ഷ്യമാക്കി ആയിരം തെങ്ങുകള്‍ നടുന്ന പദ്ധതിയുടെ ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വ്വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ചവറ നിയോജക മണ്ഡലം എം.എല്‍.എ ഡോ. സുജിത് വിജയന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. സമ്മേളനത്തില്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച ഡോ.വിനോദ്, ഡോ.ഗിരീഷ് എന്നിവര്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മൊമന്റോ നല്‍കി ആദരിച്ചു.
കെഎംഎല്ലില്‍ കരിമണലില്‍ നിന്നും റ്റൈറ്റാനിയം വേര്‍തിരിക്കുമ്പോള്‍ ഉപോത്പന്നമായി ലഭിക്കുന്ന അസിഡിക് അയണ്‍ ഓക്‌സൈഡില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായ അയണ്‍ സിന്റര്‍ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ആര്‍ ആന്‍ഡ് ഡി ലാബില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചു. ഡോ.വിനോദ്, ഡോ.ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷണങ്ങളാണ് പുതിയ സാങ്കേതികവിദ്യ പിറവിയെടുത്തത്. ഈ ഉല്‍പ്പന്നം ഇരുമ്പയിരിന് തുല്യമായി ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്ന് തെളിഞ്ഞതിനാല്‍ വര്‍ദ്ധിച്ചുവരുന്ന ഇരുമ്പ് കമ്പി നിര്‍മാണത്തിന് മുതല്‍കൂട്ടാവും. ഈ സാങ്കേതികവിദ്യയുടെ പേറ്റന്റിനായി കെഎംഎംഎല്‍ നീക്കം ആരംഭിച്ചു. പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതിലൂടെ സാമ്പത്തിക നേട്ടത്തിനു പുറമെ അസിഡിക് അയണ്‍ ഓക്‌സൈഡുമൂലമുണ്ടാകുന്ന സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്. ഏറെക്കാലത്തെ പരീക്ഷണങ്ങളിലൂടെയാണ് ഇത്തരത്തിലൊരു നേട്ടം സാധ്യമായതെന്ന് ഡോ.വിനോദ് പുണ്യഭൂമിയോട് പറഞ്ഞു.
Discussion about this post