തിരുവനന്തപുരം: ഈ അദ്ധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി (SSLC), ഹയര്‍ സെക്കന്ററി (Plus Two) പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 2026 മാര്‍ച്ച് അഞ്ചിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 30ന് അവസാനിക്കും.
2026 മേയ് എട്ടിനാണ് ഫലപ്രഖ്യാപനം. സംസ്ഥാനത്തൊട്ടാകെ 3000 പരീക്ഷാ കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷകള്‍ സുഗമമായി നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്. ജനുവരി 12 മുതല്‍ 22 വരെയാണ് ഐടി മോഡല്‍ പരീക്ഷ നടത്തുക. ഫെബ്രുവരി രണ്ട് മുതല്‍ 12 വരെയാണ് ഐടി പരീക്ഷ. ഫെബ്രുവരി 16 മുതല്‍ 20വരെയാണ് മോഡല്‍ പരീക്ഷ. 2025 നവംബര്‍ 12 മുതല്‍ 19 വരെയാണ് പരീക്ഷാ ഫീസ് അടയ്‌ക്കേണ്ടത്. നവംബര്‍ 21 മുതല്‍ 26 വരെ പിഴയോടുകൂടി അപേക്ഷകള്‍ സ്വീകരിക്കും. 2026 ഏപ്രില്‍ ഏഴ് മുതല്‍ 25 വരെയായിരിക്കും മൂല്യനിര്‍ണയം. ഗള്‍ഫ് മേഖലയില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 4,25,000 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.













