തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാന ബഡ്ജറ്റില്‍ രണ്ട് രൂപ സെസ് പ്രഖ്യാപിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് കോണ്‍ഗ്രസ്. കൊച്ചിയില്‍ പൊലീസിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസിന് നേരെ മുട്ടയും തക്കാളിയും എറിഞ്ഞു. കൊച്ചിയിലും കൊല്ലത്തും കോട്ടയത്തും തൃശൂരും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. വിവിധ കളക്ട്രേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്.
സമാധാനപരമായിരിക്കും പ്രതിഷേധമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പ്രകടനക്കാര്‍ സംഘര്‍ഷമുണ്ടാക്കിയതോടെ പൊലീസിന് പലതവണ കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു. ലാത്തിച്ചാര്‍ജും ഉണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിട്ടു. തൃശൂരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും ബലംപ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാര്‍, കെ പി സി സി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, മഹിളാ കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. സെസ് പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
അതേസമയം, സെസില്‍ സര്‍ക്കാര്‍ ഇളവ് വരുത്താന്‍ സാദ്ധ്യതയില്ലെന്നാണ് സൂചന. സെസ് ഒരു രൂപയായി കുറയ്ക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സി പി എം വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നില്ല. പ്രതിപക്ഷസമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍, രാഷ്ട്രീയ കീഴടങ്ങലാകുമെന്നാണ് ഇടതുമുന്നണിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോള്‍ ഇളവ് നല്കിയാല് മതിയെന്ന അഭിപ്രായവും സി പി എമ്മില്‍ ഉയരുന്നുണ്ട്.
Discussion about this post