തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്വകാര്യതയ്ക്കുള്ള അവകാശം, സൈബര്‍ ലോകത്തെ പ്രശ്നങ്ങള്‍, സുരക്ഷാ പ്രശ്നങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ സംസ്ഥാന വനിത കമ്മീഷനും ദേശീയ വനിത കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ലാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭൂരിഭാഗം സൈബര്‍ കുറ്റകൃത്യങ്ങളും ഇരയാകപ്പെടുന്നവര്‍ അറിഞ്ഞല്ല സംഭവിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വര്‍ധനവുണ്ട്. സ്വകാര്യത മാലിക അവകാശമാണെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്നുണ്ട്. ഭരണഘടനപരമായ അവകാശങ്ങളെ ലംഘിക്കുന്ന സൈബര്‍ ഇടപെടലുകള്‍ അനുവദിക്കില്ല. 20 പോലീസ് ജില്ലകളിലായി 20 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാന ഗവണ്‍മെന്റ് ആരംഭിച്ചു. ജില്ല പോലീസ് മേധാവിയുടെ ആസ്ഥാനത്തും പ്രത്യേക സൈബര്‍ പോലീസ് സംഘം കുറ്റാന്വേഷണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്ന സാഹചര്യം മാറണം. ഇതിനായി പൊതുബോധത്തില്‍ മാറ്റം വരണം. കുറ്റകൃത്യങ്ങള്‍ക്കെതിരായി നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള സഹായം ഗവണ്‍മെന്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിത കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍, സ്വാഗതം ആശംസിച്ച ചടങ്ങില്‍ വി ആര്‍ മഹിള മണി, പി കുഞ്ഞായിഷ, ആര്‍ പാര്‍വതി ദേവി, എ യു സുനില്‍കുമാര്‍, ഷാജി സുഗുണന്‍, ധന്യ മേനോന്‍ എന്നിവര്‍ സംബന്ധിച്ചു.













