ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ രാത്രി അവസാനിച്ചതോടെ ചന്ദ്രയാന്‍-3 ദൗത്യം ഉണരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ശാസ്ത്രലോകം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചെങ്കിലും പകലിന് ചൂടും വെളിച്ചവും കൂടിയാല്‍ മാത്രമേ റോവറിലെയും ലാന്‍ഡറിലെയും സോളാര്‍ ചാനലുകള്‍ പ്രവര്‍ത്തിക്കൂ.
ഈ മാസം രണ്ടിനാണ് പ്രഗ്യാന്‍ റോവര്‍ ഉറക്കത്തിലേക്ക് പോയത്. നാലിന് രാവിലെ എട്ടിനാണ് ചന്ദ്രയാന്‍-3 വിക്രം ലാന്‍ഡറും സ്ലീപ്പ് മോഡിലേക്ക് മാറിയത്. ഇരുപേടകങ്ങളെയും പുനഃപ്രവര്‍ത്തിക്കുക എന്നത് അത്ര എളുപ്പമല്ല, എങ്കിലും ലാന്‍ഡറും റോവറും പ്രവര്‍ത്തനം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ. ലാന്‍ഡറോ റോവര്‍ മൊഡ്യൂളുകളോ ഉണരാന്‍ സാധ്യതയുണ്ട്; പക്ഷേ അങ്ങനെ വന്നാലും അതിനെ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞെന്നുവരില്ല.
ന്യൂക്ലിയര്‍ ഹീറ്റിംഗ് സംവിധാനമൊന്നുമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാന്‍ ലാന്‍ഡറിനായാല്‍ ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ മികവിന്റെ സാക്ഷ്യമാകും. ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡിംഗ് സ്ഥാനത്ത് സൂര്യന്‍ ഉദിച്ചു കഴിഞ്ഞു. പക്ഷേ ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ക്ക് ഊര്‍ജ്ജോത്പാദനം നടത്താന്‍ ആവശ്യമായ അത്ര പ്രകാശവും ചൂടും എത്താന്‍ കാത്തിരിക്കണം. ഈ മാസം 22 ആകുമ്പോഴേക്കും സാഹചര്യം അനുകൂലമാകുമെന്നാണ് ഇസ്രൊയുടെ കണക്കുകൂട്ടല്‍.
പൂര്‍ണമായും ഉണര്‍ന്നാല്‍ ലാന്‍ഡറിനും റോവറിനും കുറഞ്ഞത് 14 ഭൗമദിനങ്ങളെങ്കിലും പ്രവര്‍ത്തിക്കാന്‍ സാധിക്കും. അങ്ങനെവന്നാല്‍ അവ വീണ്ടും ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് പുതിയ വിവരങ്ങള്‍ എത്തിക്കും. അത് ശാസ്ത്രരംഗത്തിന് വലിയ നേട്ടമാകും.
ചന്ദ്രയാന്‍-3 ഇതിനോടകം തന്നെ പല നിര്‍ണായക വിവരങ്ങളും നല്‍കിക്കഴിഞ്ഞു. ചാസ്‌തേ (ചന്ദ്രയുടെ ഉപരിതല തെര്‍മോഫിസിക്കല്‍ പരീക്ഷണം) ഉപകരണം ഉപയോഗിച്ച് ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
ജൂലൈ 14ന് ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍-3 ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയര്‍ന്നത്. കഴിഞ്ഞമാസം 23ന് വൈകിട്ട് 6.04 ന് ആയിരുന്നു റോവര്‍ അടക്കം ചെയ്ത ലാന്‍ഡര്‍ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു.
Discussion about this post