തിരുവനന്തപുരം: തലസ്ഥാനത്ത് ജനുവരിയില്‍ നടക്കാനിരിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി കനകക്കുന്നില്‍ ‘മ്യൂസിയം ഓഫ് ദ മൂണ്‍’ പ്രദര്‍ശിപ്പിച്ചു. കനകക്കുന്നില്‍ ഉദിച്ച ചന്ദ്രനെക്കാണാന്‍ ആയിരങ്ങളാണ് കനകക്കുന്നില്‍ എത്തിയത്. ചന്ദ്രന്റെ രൂപം ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂണ്‍ സ്ഥാപിച്ചത്.
ചന്ദ്രോപരിതലത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ത്ഥ ചിത്രങ്ങളാണ് പ്രതലത്തില്‍ പതിച്ചിരിക്കുന്നത്. ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോണമി സയന്‍സ് സെന്ററാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ഇന്നലെ രാത്രി കനകക്കുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തില്‍ ഒരോ സെന്റിമീറ്ററും കാണുന്നത് ചന്ദ്രോപരിതലത്തിലെ അഞ്ച് കിലോമീറ്ററാണ്. ഏഴ് മീറ്റര്‍ വ്യാസത്തിലായിരിരുന്നു ചന്ദ്രഗോളം നിര്‍മ്മിച്ചിരിക്കുന്നത്.
ഭൂമിയില്‍ നിന്ന് ജനങ്ങള്‍ക്ക് ചന്ദ്രന്റെ ഒരു പുറം മാത്രമേ ദൃശ്യമാകുകയുള്ളു. മനുഷ്യന് ഒട്ടും സുപരിചിതമല്ലാത്ത മറുപുറം കൂടി കാണിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മ്യൂസിയം ഓഫ് ദി മൂണ്‍ സംഘടിപ്പിച്ചത്. ജനങ്ങള്‍ക്ക് ചന്ദ്രനെ കണ്‍മുന്നില്‍ കാണുന്ന അനുഭൂതിയാണ് നല്‍കിയത്. ഇരുപത് വര്‍ഷത്തോളമുള്ള ലൂക്ക് ജെറമിന്റെ പരിശ്രമത്തിനൊടുവിലായിരുന്നു ഈ ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ഇന്‍സ്റ്റലേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദര്‍ശനമായിരുന്നു, കേരളത്തിലെ ആദ്യത്തെ പ്രദര്‍ശനവും. ഇന്നലെ ഒറ്റ രാത്രിമാത്രമായിരുന്നു പ്രദര്‍ശനം. ഇന്നലെ രാത്രി ആരംഭിച്ച പ്രദര്‍ശനം പുലര്‍ച്ചെ നാല് വരെ നീണ്ടു നിന്നു.
Discussion about this post