തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണ്‍(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം. അനസൂയ ദേവകി വാര്യരാണ് ഭാര്യ.അനില്‍ ഷാജി, അപ്പു ഷാജി എന്നിവരാണ് മക്കള്‍. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സേവനമനുഷ്ടിക്കുകയായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊല്ലം കണ്ടചിറയില്‍ എന്‍. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി ജനിച്ച അദ്ദേഹം മലയാള സിനമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ പിറവി (1988) 1989 ലെ കാന്‍ ചലച്ചിത്രമേളയില്‍ ക്യാമറ ഡി’ഓര്‍ -മെന്‍ഷന്‍ ഡി’പുരസ്‌കാരം നേടി. ജി അരവിന്ദന്റെ ഇഷ്ട ഛായാഗ്രാഹനായിരുന്നു അദ്ദേഹം 40 ഓളം ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചു. പ്രശസ്ത സംവിധായകരായ കെ ജി ജോര്‍ജ്, എം ടി വാസുദേവന്‍ നായര്‍ എന്നിവരുടെ മിക്ക ചിത്രങ്ങളിലും ഷാജി എന്‍ കരുണ്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര-ടെലിവിഷന്‍ അക്കാദമിയായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രീമിയര്‍ ചെയര്‍മാനായിരുന്നു അദ്ദേഹം. 1998 മുതല്‍ 2001 വരെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFK) എക്സിക്യൂട്ടീവ് ചെയര്‍മാനുമായിരുന്നു. ഒട്ടനവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയ അദ്ദേഹത്തെ 2011-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്സും അദ്ദേഹത്തിന് ലഭിച്ചു. കുട്ടിസ്രാങ്ക്,നിഷാദ് വാനപ്രസ്ഥം,സ്വം,പിറവി, സോപാനം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.













