1935ല്‍ അടൂര്‍ പന്നിവിഴയില്‍ പാറപ്പുറത്തു കുഞ്ഞിരാമന്‍പിള്ളയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകളായാണ് പങ്കജം ജനിച്ചത്. പ്രശസ്‌ത നടി അന്തരിച്ച അടൂര്‍ ഭവാനി ഉള്‍പ്പെടെ നാലു സഹോദരന്‍മാരും രണ്ടു സഹോദരിമാരും ഉണ്ട്.മകളുടെ അഭിരുചി കണ്ടറിഞ്ഞ കുഞ്ഞിരാമന്‍ പിള്ള പങ്കജത്തെ കുട്ടിക്കാലത്തേ സംഗീത അഭ്യസനത്തിനയച്ചു.
നാലാംക്ലാസ് വരെ മാത്രം പഠിക്കാനേ അന്നത്തെ രൂക്ഷമായ ദാരിദ്ര്യം അവസരം നല്‍കിയുള്ളൂ. സ്‌കൂള്‍ പഠനം നിര്‍ത്തിയെങ്കിലും സംഗീതപഠനം തുടരാനായതു വഴിത്തിരിവായി. പന്തളം കൃഷ്‌ണപിള്ള ഭാഗവതരായിരുന്നു ആദ്യ ഗുരു. പതിനൊന്നാം വയസില്‍സംഗീതാഭ്യസനം പൂര്‍ത്തിയാക്കുമ്പോഴേയ്‌ക്കും പരിസര പ്രദേശങ്ങളിലുള്ള ഒട്ടു മിക്ക ക്ഷേത്രങ്ങളിലും കച്ചേരി അവതരിപ്പിച്ചു മികവു തെളിയിച്ചിരുന്നു പങ്കജം. അഭിനയലോകത്തേക്കു വഴി തെളിച്ചു നല്‍കിയതും പാട്ടുതന്നെ.
കണ്ണൂര്‍ കേരള കലാനിലയം നാടക ട്രൂപ്പുകാര്‍ നടിയെ തേടി അടൂരിലെത്തി. എന്നാല്‍, പങ്കജത്തിന്റെ പിതാവ് മകളെ നാടകക്കാരിയാക്കാന്‍ ഒരുക്കമായിരുന്നില്ല. പക്ഷേ, അപ്പോഴേക്കും കലയെ മനസാ വരിച്ചു കഴിഞ്ഞിരുന്ന പങ്കജത്തിന്റെ വാശിക്കു മുന്നില്‍ പിടിവാശികള്‍ അലിഞ്ഞുപോയി. അങ്ങനെ കേരള കലാനിലയത്തിന്റെ മധുമാധുര്യം എന്ന നാടകത്തിലൂടെ പങ്കജത്തിന്റെ അഭിനയ സപര്യയ്‌ക്കു തുടക്കമായി.
മുന്നൂറിലേറെ വേദികളില്‍, നിറഞ്ഞ സദസിനു മുന്നില്‍ അവതരിപ്പിച്ച നാടകത്തില്‍പങ്കജത്തിന്റെ അഭിനയം എല്ലാവരുടെയും പ്രശംസയ്‌ക്കു പാത്രമായി.ചെങ്ങന്നൂര്‍ നിന്നുള്ള ഒരു നാടക സമിതിയുടെ രക്‌തബന്ധം എന്ന നാടകമായിരുന്നു പിന്നീട്. പോരെടുക്കുന്ന അമ്മായിഅമ്മയുടെ വേഷമായിരുന്നു നാടകത്തില്‍. കാണികള്‍ ആ വേഷം അംഗീകരിച്ചതോടെ ഹാസ്യം അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുന്ന അക്കാലത്തെ അപൂര്‍വം നടികളുടെ ഗണത്തിലേക്ക് പങ്കജത്തിന്റെ പേരും ചേര്‍ക്കപ്പെട്ടു.
കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഭരത കലാചന്ദ്രിക എന്ന ട്രൂപ്പില്‍ വച്ചാണ് പങ്കജം തന്റെ ജീവിതപങ്കാളിയെ കണ്ടെത്തുന്നത്- ഭരത കലാചന്ദ്രികയുടെ ഉടമസ്‌ഥനായ ദേവരാജന്‍ പോറ്റി. ഭരത കലാചന്ദ്രികയ്‌ക്കു ശേഷം പോറ്റി ആരംഭിച്ച പാര്‍ഥസാരഥി തിയറ്റേഴ്‌സില്‍ അഭിനയിക്കുന്നതിനിടെയാണ് പങ്കജത്തിനു സിനിമയിലേക്കു ക്ഷണം ലഭിക്കുന്നത്. പ്രേമലേഖ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാനുള്ള യോഗം ഉണ്ടായത് ഉദയായുടെ �വിശപ്പിന്റെ വിളി യിലൂടെ ആയിരുന്നു. പ്രേംനസീര്‍, തിക്കുറിശി, എസ്.പി. പിള്ള തുടങ്ങിയവരായിരുന്നു അഭിനേതാക്കളില്‍ പ്രമുഖര്‍. പിന്നീടു പങ്കജത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഭാര്യ, ചെമ്മീന്‍, കടലമ്മ, അച്‌ഛന്‍, അവന്‍ വരുന്നു, കിടപ്പാടം, പൊന്‍കതിര്‍, പാടാത്ത പൈങ്കിളി, ഭക്‌തകുചേല, മന്ത്രവാദി, മറിയക്കുട്ടി, സിഐഡി, സ്വാമി അയ്യപ്പന്‍………. തുടങ്ങി അവസാന ചിത്രമായ കുഞ്ഞിക്കൂനന്‍ വരെ 412 ചിത്രങ്ങളാണ് പങ്കജത്തിന്റെ അക്കൗണ്ടില്‍.
ഇടയ്‌ക്കു സെറ്റുകളില്‍ തുണ വരുമായിരുന്ന ചേച്ചി ഭവാനി കൂടി സിനിമയിലെത്തിയതോടെ അടൂര്‍ സഹോദരിമാര്‍ എന്നു തന്നെ അറിയപ്പെടാന്‍ തുടങ്ങി.നാടകത്തിലും സിനിമയിലും ചിരിപ്പിക്കലായിരുന്നു അനുജത്തിയുടെ റോള്‍. ചേച്ചി കുറുമ്പിയും ഗൗരവക്കാരിയും. അടൂര്‍ ഭവാനിയുടെ പിന്നാലെ അനുജത്തി അടൂര്‍ പങ്കജവും കടന്നുപോകുന്നത് മലയാളികള്‍ ഓര്‍ത്തുവയ്‌ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ബാക്കിവച്ചിട്ടാണ്.
ഭവാനിയെക്കാള്‍ ഒരു വയസിന്റെ ഇളപ്പമാണ് പങ്കജത്തിനുണ്ടായിരുന്നത്. സംഗീതനാടക അക്കാദമി പുരസ്‌കാരം ഇരുവര്‍ക്കുമായി ലഭിച്ചപ്പോള്‍ സഹോദരങ്ങള്‍ക്ക് ഒന്നിച്ചു പുരസ്‌കാരം എന്ന അപൂര്‍വതയുടെ ഉടമകളുമായി. ശബരിമല അയ്യപ്പനിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചു. 1975ല്‍ ജയാ തിയറ്റേഴ്‌സ് എന്ന നാടകട്രൂപ്പ് രൂപീകരിച്ചു. സമിതി 18 വര്‍ഷം പ്രവര്‍ത്തിച്ചു.
മലയാള സിനിമയുടെ ചരിത്രത്തിന് അരനൂറ്റാണ്ടിലേറെ കാലം ഹോമിച്ച അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും. ഇവരുടെ ജീവിതസായാഹ്‌നഹ്നത്തിന് വിധി സമ്മാനിച്ചത് വ്യാധികളാണ്. മലയാള നാടകചലച്ചിത്ര ലോകത്ത് അതുല്യ വേഷങ്ങള്‍ അവതരിപ്പിച്ച ഈ സഹോദരിമാരുടെ ജീവിതത്തിന്റെ അവസാന ഫ്രെയിമുകളില്‍ നിറഞ്ഞത് കണ്ണീര്‍ചിത്രങ്ങളായിരുന്നു.ചില നന്ദികേടുകളുടെ തിരക്കഥ രണ്ടാളെയും രോഗാതുരരാക്കി, കടക്കെണിയിലാക്കി. ഗതകാലത്തിന്റെ പ്രൗഢവേഷങ്ങള്‍ക്കിണങ്ങാത്ത വാര്‍ധക്യമായിരുന്നു വിധി ഇരുവര്‍ക്കും സമ്മാനിച്ചത് അടൂര്‍ ആര്‍ഡി ഓഫിസിനടുത്തുള്ള ചെറിയ വീട്ടില്‍ കൂട്ടായി ഉണ്ടായിരുന്നത് രോഗപീഡകള്‍ മാത്രം.
അഭിനയവേദിയിലെ കത്തുന്ന വെള്ളിവെളിച്ചം കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെടുത്തി. ദുരിതം വര്‍ധിപ്പിച്ച് പ്രമേഹവും. മുടങ്ങാതെ മരുന്നു ചെയ്‌തിട്ടും കണ്ണിലെ വേദനയ്‌ക്കു കുറവില്ലാത്തതു പങ്കജത്തെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അഞ്ചു പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതം നല്‍കിയത് എന്ത് എന്ന ചോദ്യത്തിനു മുന്നില്‍ കണ്ണീരില്‍ നിറഞ്ഞ മൗനം മാത്രമായി ഉത്തരം.ഭര്‍ത്താവ് വാങ്ങി നല്‍കിയ അടൂരിലെ വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു പങ്കജത്തിന്റെ താമസം. ഏക മകന്‍ സിനിമാ സീരിയല്‍ നടന്‍ കൂടിയായ അജയന്‍ അടുത്തു തന്നെയാണു താമസിക്കുന്നതെങ്കിലും ഭര്‍ത്താവിന്റെ സ്‌മരണകള്‍ ഉറങ്ങുന്ന വീടുവിട്ടു മകനോടൊപ്പം ചെല്ലാന്‍ അവര്‍ തയാറായിരുന്നില്ല.
Discussion about this post