ന്യൂഡല്‍ഹി: കൊച്ചി തീരത്തെ എണ്ണ ഖനന പദ്ധതിക്ക് അനുമതി നല്‍കേണ്ടെന്ന് കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. വരുമാനം കുറവാകുമെന്ന കാരണത്താലാണ് കേരളത്തിന്റേത് ഉള്‍പ്പെടെ 14 എണ്ണഖനന പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചത്. ഒഎന്‍ജിസി, ബിപിആര്‍എല്‍ കമ്പനികള്‍ സംയുക്തമായാണ് കൊച്ചി തുറമുഖത്ത് എണ്ണ ഖനനത്തിന് അനുമതി തേടിയിരുന്നത്. കേരള തീരം ഉള്‍പ്പെടുന്ന കേരള കൊങ്കണ്‍ തടത്തില്‍ ഇന്ധന എണ്ണയുടെ അടിസ്ഥാന ഘടകമായ ഹൈഡ്രോ കാര്‍ബണിന്റെ നിക്ഷേപസാധ്യതയുള്ളതായിട്ട് സാധ്യതാ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 2009 ഓഗസ്റ്റ് രണ്ടിന് കൊച്ചി തീരത്ത് ഖനനവും ആരംഭിച്ചു. കൊച്ചി തീരത്തു നിന്ന് 130 കിലോമീറ്റര്‍ അകലെ കടലിന് രണ്ട് കിലോമീറ്റര്‍ വരെ ആഴമുള്ള ഭാഗത്തായിരുന്നു ഖനനം. കടല്‍ വെള്ളത്തിന് രണ്ട് കിലോമീറ്ററോളം ആഴമുള്ള ഭാഗത്ത് ഒഎന്‍ജിസി ഖനനം നടത്തുന്നത് ഇത് ആദ്യമായിട്ടായിരുന്നു. 100 ദിവസം നിശ്ചയിച്ച് ആരംഭിച്ച ഖനനം 135 ദിവസം കൊണ്ടാണ് 6500 മീറ്റര്‍ ആഴം എന്ന ലക്ഷ്യത്തിലെത്തിയത്. 400 കോടി രൂപ മുടക്കുമുതല്‍ നിശ്ചയിച്ചിരുന്ന ഖനനനത്തിന് 600 കോടിയോളം രൂപ ചെലവായി.
അതേസമയം 16 പാചകവാതക, എണ്ണ ഖനന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.
ഒഎന്‍ജിസിയുടെ ജിയോഫിസിക്കല്‍ ഫീല്‍ഡ് ടീം മുന്‍പു പലതവണ ഈ മേഖലയില്‍ നടത്തിയ പര്യവേക്ഷണത്തിലും രാസപരിശോധനകളിലും ഇന്ധന ലഭ്യതയുടെ സാധ്യത വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണു രണ്ടാംഘട്ടമായി കൃത്യമായി നിശ്ചയിച്ച സ്ഥാനത്ത് സആഴത്തില്‍ കുഴിച്ച് ഇന്ധനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്.
Discussion about this post