തിരുവനന്തപുരം: ശൃംഗേരി ശാരദാപീഠം മഠാധിപതി സ്വാമി ഭാരതീതീര്‍ഥയ്ക്ക് അനന്തപുരിയുടെ സ്വീകരണം. ഈഞ്ചയ്ക്കലില്‍നിന്ന് മന്ത്രി വി.എസ്.ശിവകുമാറിന്റെ നേതൃത്വത്തില്‍ സ്വാമികളെ സ്വീകരിച്ചാനയിച്ചു. സഹസ്രനാമജപത്തോടെയും ഭജനയോടെയും ഭക്തര്‍ ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.
കിഴക്കേകോട്ടയില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെയും മന്ത്രി കെ.എം.മാണിയുടെയും നേതൃത്വത്തില്‍ ഭാരതീതീര്‍ഥയെ സ്വീകരിച്ചു. വേദപണ്ഡിതര്‍ പൂര്‍ണകുഭം നല്‍കി. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ധുളിപാദപൂജ നടത്തി. വെള്ളിവിളക്കും സമര്‍പ്പിച്ചു. ഇന്ത്യയെ ഒരുമിപ്പിച്ചു നിര്‍ത്തുന്നത് അദൈ്വതമാണെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീതീര്‍ഥ സ്വാമികളുടെ കേരളസന്ദര്‍ശനം ആധ്യാത്മിക ഉന്നതിക്ക് കാരണമാകുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് എന്‍.രാമലിംഗം, കെ.മോഹന്‍കുമാര്‍, കൗണ്‍സിലര്‍മാരായ എസ്.ഉദയലക്ഷ്മി, എസ്.വിജയകുമാര്‍, പി.പദ്മകുമാര്‍, പി.രാജേന്ദ്രന്‍ നായര്‍ എന്നിവരും പങ്കെടുത്തു. ഡോ.എം.സാംബശിവന്‍ മംഗളപത്രം സമര്‍പ്പിച്ചു.
ഭഗവാന്റെ നാമത്തില്‍ മാത്രമാണ് വ്യത്യാസമെന്നും ചൈതന്യം ഒന്നുതന്നെയാണെന്നും സ്വാമി ഭാരതീതീര്‍ഥഅനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. ജടാധാരിയാകുമ്പോള്‍ ശിവനെന്നും ശംഖചക്രധാരിയാകുമ്പോള്‍ വിഷ്ണുവെന്നും വിളിക്കുന്നു എന്നുമാത്രം. പരമാത്മാവിന്റെ ചൈതന്യം ഒന്നുതന്നെയാണ്. എത്രസമയം പൂജിക്കുന്നു, എന്ത് പൂജാസാധനങ്ങള്‍ ഉപയോഗിക്കുന്നു എന്നതിനൊന്നും പ്രാധാന്യമില്ല. മനസ്സില്‍ ഭക്തിയുണ്ടാകണം. ജീവിതരഥത്തിലെ രണ്ടു ചക്രങ്ങള്‍ മനുഷ്യപ്രയത്‌നവും ജീവിത കൃപയുമാണെന്നും സ്വാമി പറഞ്ഞു.
രാത്രി 8.30 ന് ഭാരതീതീര്‍ഥയുടെ കാര്‍മികത്വത്തില്‍ ചന്ദ്രമൗലീശ്വര പൂജയും നടന്നു. ബുധനാഴ്ച വൈകീട്ട് അദ്ദേഹം നാഗര്‍കോവിലിലേക്ക് പോകും.
Discussion about this post