കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്കും കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്കും പങ്കുണ്ടെന്നു ഭാര്യ കെ.കെ. രമ. ഇവരുടെ പേരുകള്‍ തനിക്കറിയാമെങ്കിലും മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നില്ല. എന്നാല്‍, അന്വേഷണ സംഘത്തോട് എല്ലാം പറയും. പാര്‍ട്ടിയാണു കൊല നടത്തിയത്. മേല്‍ത്തട്ടിലെ നേതാക്കള്‍ ചേര്‍ന്നു നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്നും രമ ആവശ്യപ്പെട്ടു.
ടി.പിയെ ഒറ്റിക്കൊടുത്തതില്‍ രാമചന്ദ്രനും രവീന്ദ്രനും പങ്കുണ്ടെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നു പോയി. ഇരുവരുമായി ടി.പി. നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. രവീന്ദ്രന്റെ വീട്ടുകാരുമായും നല്ല അടുപ്പത്തിലായിരുന്നു പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയാണുള്ളത്. കൂടുതല്‍ അറസ്റ്റ് വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇപ്പോഴുള്ള അന്വേഷണ സംഘം തുടര്‍ന്നാല്‍ കൊലയ്ക്കു പിന്നിലെ ഗൂഢാലോചന പുറത്തുവരുമെന്നാണു പ്രതീക്ഷ. പിണറായി വിജയന്റെ പ്രസ്താവന അവജ്ഞയോടെ തള്ളുന്നു. വിഎസിനു കാര്യങ്ങള്‍ കുറെക്കൂടി നേരത്തേ പറയാമായിരുന്നെന്നും വ്യക്തിവൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്ന പ്രചാരണം ശരിയല്ലെന്നും രമ പറഞ്ഞു.
Discussion about this post